സിദ്ധാർഥ് മൽഹോത്ര

ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. മിനു വാസുദേവന്‍ എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവന്‍ അപകടത്തിലാണെന്നും അതിന് കാരണം ബോളിവുഡ് നടിയും ഭാര്യയുമായ കിയാര അദ്വാനിയാണെന്നും പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. സിദ്ധാര്‍ഥിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തുക ആരാധകര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും പലരിലും നിന്നും പണം തട്ടിയെന്നും മിനു വാസുദേവന്‍ ആരോപിച്ചു.

സിദ്ധാര്‍ഥിന്റെ ജീവന് ഭീഷണിയുണ്ട്. കിയാര അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. കിയാര സിദ്ധാര്‍ഥിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ കിയാരയെ അതിനായി പിന്തുണയ്ക്കുന്നു. സഹപ്രവര്‍ത്തകരും കിയാരയും ചേര്‍ന്ന് അദ്ദേഹത്തിനെതിരേ ദുർമന്ത്രവാദം ചെയ്തു- എന്നാണ് തട്ടിപ്പുകാര്‍ തങ്ങളോട് പറഞ്ഞതെന്ന് മിനു വാസുദേവന്‍ ആരോപിച്ചു.

ഒക്ടോബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ തന്റെ കയ്യില്‍ നിന്ന് 50 ലക്ഷത്തോളം പണം വാങ്ങി. തന്റെ സുഹൃത്തില്‍ നിന്ന് 10000 ലേറെ രൂപ തട്ടിയെടുത്തുവെന്നും മിനു വെളിപ്പെടുത്തുന്നു. സിദ്ധാര്‍ഥും അദ്ദേഹത്തിന്റെ ആരാധകരും ഈ വിഷയം ഗൗരവകരമായി എടുക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മിനു വാസുദേവന്റെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായെങ്കിലും തട്ടിപ്പിനെതിരേ പോലീസില്‍ പരാതി നല്‍കിയോ എന്ന വ്യക്തമല്ല.