പ്രവീസ്

തിരുവനന്തപുരം ∙ മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂൺ 29 ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം.

വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു. അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം. ഭാര്യ: ജയശാന്തി. മക്കള്‍: ദിലീപ്, രാജി, രാഖി. മരുമക്കള്‍: ഗ്രീഷ്മ, ഷിബു, ജോണി.