Photo: ANI
ബാര്‍ബഡോസ്: ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കയാത്ര വൈകുന്നു. ചൊവ്വാഴ്ചയും ടീമിന് നാട്ടിലേക്ക് തിരിക്കാനായില്ല. ‘ബെറില്‍’ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുകയും ചെയ്തു. പിന്നാലെ മടക്കയാത്രയ്ക്കായി ബിസിസിഐ ടീമിന് പ്രത്യേക വിമാനം ഏര്‍പ്പാടു ചെയ്തിരുന്നു. എന്നാല്‍ ഈ വിമാനത്തിന് യുഎസിലെ ന്യൂ ജേഴ്‌സിയില്‍ നിന്ന് ബാര്‍ബഡോസില്‍ എത്തിച്ചേരാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ടീമിന്റെ മടക്കയാത്ര ഇനിയും വൈകിയേക്കും.
അതേസമയം ഇന്ത്യന്‍ സംഘം ബുധനാഴ്ച വൈകുന്നേരം ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. പുതുയ വിവരം അനുസരിച്ച് ടീം വ്യാഴാഴ്ച ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച രാത്രിനടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടംനേടിയ ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ‘ബെറില്‍’ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കാറ്റ് ശക്തമായതോടെ വിമാനത്താവളം അടച്ചു. രണ്ടുദിവസമായി ഇവിടെ ജനങ്ങള്‍ ലോക്ഡൗണിലാണ്. താരങ്ങള്‍ ഹോട്ടലില്‍ത്തന്നെ തുടരുകയാണ്. സംഘത്തിന് പ്രധാനമന്ത്രിയുടെ സ്വീകരണമുണ്ട്. വരവിനെക്കുറിച്ച് അനിശ്ചിതത്വമുള്ളതിനാല്‍ സ്വീകരണസമയം പുറത്തുവിട്ടില്ല.
