Photo: x.com, afp

ബാര്‍ബഡോസ്: ഓരോരുത്തരുടെയും നേട്ടങ്ങളിലെ സന്തോഷം പരസ്പരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന പതിവുള്ളവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി – ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ദമ്പതികള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ മൈതാനത്തിരുന്ന് അനുഷ്‌കയെ വീഡിയോ കോള്‍ ചെയ്യുന്ന കോലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കിരീട വിജയത്തിനു ശേഷം ഇരുവരും പങ്കുവെച്ച കുറിപ്പുകളും ശ്രദ്ധനേടി. ഇപ്പോഴിതാ ബെറില്‍’ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമുള്ള കോലി അവിടത്തെ ദൃശ്യങ്ങള്‍ അനുഷ്‌കയെ വീഡിയോ കോളില്‍ കാണിച്ചുകൊടുക്കുന്ന വീഡിയോയും വൈറലാകുകയാണ്.

ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര പ്രതിസന്ധിയിലായത്. വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുകയും ചെയ്തു. പിന്നാലെ മടക്കയാത്രയ്ക്കായി ബിസിസിഐ ടീമിന് പ്രത്യേക വിമാനം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.

ഇതോടെ ഇന്ത്യന്‍ സംഘം ബാര്‍ബഡോസിലെ ഹോട്ടലില്‍ തന്നെ കഴിയുകയാണ്. ഇവിടെ നിന്നാണ് കോലി, പങ്കാളിയായ അനുഷ്‌കയെ വീഡിയോ കോള്‍ ചെയ്ത് ചുഴലിക്കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നത്. ശക്തമായ തിരമാലകളും അതിശക്തിയായ കാറ്റില്‍ തെങ്ങുകള്‍ ആടുന്നതുമെല്ലാം വീഡിയോയിലുണ്ട്.

കോലിയുടെ മത്സരങ്ങളെല്ലാം കാണാന്‍ ഗാലറിയിലെത്താറുള്ള അനുഷ്‌ക ഇത്തവണ ഫൈനല്‍ കാണാന്‍ ബാര്‍ബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്.