ബ്രേക്ക് നഷ്ടമായ ബസ് നിർത്താൻ ശ്രമിക്കുന്ന സൈന്യവും പോലീസും| screengrab/X
ശ്രീനഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഹൊഷിയാപുരിൽനിന്ന് 40 തീർഥാടകരുമായി പോയ ബസിന്റെ ബ്രേക്ക്, ജമ്മുകശ്മീരിലെ റമ്പാൻ ജില്ലയിലെ ദേശീയപാത 44-ൽ വെച്ച് നഷ്ടമാകുകയായിരുന്നു.
കുത്തനെയുള്ള ഇറക്കത്തിലാണ് ബ്രേക്ക് തകരാറിലായത്. ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്ക് നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടതോടെ സൈനിക ഉദ്യോഗസ്ഥരും പോലീസുകാരും ബസിനുപിറകെ വാഹനങ്ങളിൽ എത്തി ടയറുകളുടെ അടിയിൽ കല്ലുകളും മറ്റും വെക്കുകയായിരുന്നു.
ബ്രേക്ക് നഷ്ടമായെന്ന് അറിഞ്ഞതോടെ യാത്രക്കാരിൽ ചിലർ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു. പത്ത് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.
