ശരത്ത് നമ്പ്യാർ, പയ്യന്നൂരിലെ ആരോഗ്യവെൽനസ് ജിം അടിച്ചുതകർത്ത നിലയിൽ

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ബസ്‌സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നന്പ്യാർ (42) ആണ് അറസ്റ്റിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ വെൽനസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ വനിതാതെറാപ്പിസ്റ്റുകളാണ് ആദ്യം യുവതിയെ പരിശോധിച്ചത്. അവർ പോയപ്പോൾ ഫിസിയോതെറാപ്പിസ്റ്റല്ലാത്ത ശരത്ത് മുറിയിലേക്ക് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘമെത്തി സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകർത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

ക്ളിനിക്ക് അടിച്ചുതകർത്തു; അഞ്ചുപേർ അറസ്റ്റിൽ

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിലായ ശരത്ത് നമ്പ്യാരുടെ സ്ഥാപനം ഒരു സംഘം അടിച്ചുതകർത്തു. ആരോഗ്യ-വെൽനസ് ക്ലിനിക്-ജിമ്മിന്‌ നേരേയാണ് ചൊവ്വാഴ്ച ഉച്ചയോടെ അക്രമം നടന്നത്. ജിംനേഷ്യത്തിലേക്ക് കടന്നവർ കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. സി.സി.ടി.വി. ക്യാമറകൾ തച്ചുടച്ചശേഷമായിരുന്നു അക്രമം. ജിമ്മിലെ ഉപകരണങ്ങളും ജനൽ പാളികളും അടിച്ചുതകർത്തു.

ശൗചാലയങ്ങളും വാഷ് ബേസിനുകളും തകർന്ന നിലയിലാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഇ. കപിൽ (32), എം.വി. ഷനു (36), അഖിൽ ഭാസ്കർ (29), ഇ. ലിഗിൻ (28), എൻ. ശ്യാം (27) എന്നിവരാണ് അറസ്റ്റിലായത്.