പ്രതീകാത്മക ചിത്രം

ഇന്റര്‍നെറ്റ് ഉപയോഗം കൊണ്ട് ഒട്ടേറെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ളവരുമായി പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുന്നതിനൊപ്പം ജോലി ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും പണമിടപാട് നടത്താനുമെല്ലാം നാം ഇന്ന് ഓണ്‍ലൈന്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. താല്‍പര്യങ്ങള്‍ക്കിണങ്ങിയ ഇണയെ കണ്ടെത്താനും ഇന്ന് പലരും ഓണ്‍ലൈന്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ടിന്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ അതിനായി നിലവിലുണ്ട്.

എന്നാല്‍ ആളുകളില്‍ നിന്ന് പണം തട്ടാന്‍ പതിനെട്ടടവും പയറ്റുകയാണ് തട്ടിപ്പുകാര്‍. പലയാളുകളും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി മാറിയിട്ടുണ്ടെങ്കിലും ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പുകാരന് തിരിച്ച് പണികൊടുത്തിരിക്കുകയാണ് ഇന്ത്യന്‍ യുവാവ്.

ജേയ് (Jay) എന്ന് പേരുള്ള ഒരു എക്‌സ് ഉപഭോക്താവാണ് ഒരു കൂട്ടം സ്‌ക്രീന്‍ഷോട്ടുകളിലൂടെ ഈ സംഭവം പുറത്തുവിട്ടത്. അതിവേഗം തന്നെ അത് വൈറലാവുകയും ചെയ്തു.

യാമി എന്ന് പേരുള്ള ഒരാളെ താന്‍ ടിന്ററിലൂടെ പരിചയപ്പെട്ടുവെന്ന് ജേയ് പറയുന്നു. വാട്‌സാപ്പ് വഴി ചാറ്റ് ചെയ്യാമെന്ന് നിര്‍ബന്ധിച്ച യാമി അവരുടെ നമ്പര്‍ ജേയ്ക്ക് കൊടുത്തു. പരസ്പരം പരിചയപ്പെട്ട് ചാറ്റിങ് മുന്നോട്ട് പോയതോടെ യാമിയിലെ തട്ടിപ്പുകാരി/തട്ടിപ്പുകാരന്‍ പുറത്തുവന്നു.

ജേയ് പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ ഇരുവരും തമ്മിലുള്ള ചാറ്റ് ആണ്.

സഹായമായി ഒരു 1000 രൂപ യാമി ആവശ്യപ്പെട്ടു. കുറച്ച് മണിക്കൂറിനുള്ളില്‍ തിരികെ തരാമെന്നും അത്യാവശ്യമാണെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. യാമി തന്റെ ഗൂഗിള്‍ പേ നമ്പറും അയച്ചുകൊടുത്തു.

തട്ടിപ്പ് തിരിച്ചറിഞ്ഞ ജേയ് ഒരു ഗൂഗിള്‍ പേയില്‍ പണം അയക്കാന്‍ ശ്രമിച്ച് ഫെയില്‍ ആയതിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ട് യാമിക്ക് അയച്ചുകൊടുത്തു. എന്നിട്ട് താന്‍ പലതവണ പണം അയക്കാന്‍ ശ്രമിച്ചുവെന്നും പ്രശ്‌നം എന്തോ ഉണ്ടെന്നും തന്റെ ജിപേ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു 20 രൂപ അയച്ചുതരാമോ എന്നും ജേയ് പറഞ്ഞു.

വീട്ടിലെത്തിയിട്ട് അയച്ചുതരാം എന്ന് പറഞ്ഞ യാമി 20 രൂപ അയച്ചുകൊടുത്തു. ഇതിന് കിട്ടി എന്ന് ജേയും മറുപടി നല്‍കി.

പിന്നീട് ഒരു സിഗരറ്റിന്റെ ചിത്രമാണ് ജേയ് പങ്കുവെച്ചത്. യാമി അയച്ചുകൊടുത്ത പണത്തിന് വാങ്ങിയതാണെന്ന് തോന്നുന്നു. തട്ടിപ്പുകാരനെ പറ്റിച്ചു എന്ന കുറിപ്പോടെയാണ് ജേയ് ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

വൈറലായ എക്‌സ് പോസ്റ്റിന് കീഴില്‍ നിരവധിയാളുകള്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ടിന്ററില്‍ മാത്രമല്ല, ഫേസ്ബുക്കിലും, ഇന്‍സ്റ്റ്ഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. പലരും അതില്‍ വീണു പോവുന്നുണ്ട്.

തട്ടിപ്പില്‍ കുടുങ്ങിയെന്ന് തോന്നിയാല്‍ വിവരം ഉടന്‍ സൈബര്‍ സെല്ലിനെ അറിയിക്കുക. പ്രാദേശിക സൈബര്‍ സെല്ലുകളെയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിഭ് പോര്‍ട്ടലിലോ പരാതി അറിയിക്കാവുന്നതാണ്. സ്‌ക്രീന്‍ഷോട്ടുകളും പണമിടപാടിന്റെ തെളിവുകളുമെല്ലാം പരാതിക്കൊപ്പം നല്‍കുക. എത്രയും വേഗം പരാതികള്‍ നല്‍കുന്നത് നഷ്ടമായ പണം തിരികെ കിട്ടാന്‍ സാധ്യത വര്‍ധിപ്പിക്കും.