ഫാത്തിമത്ത് സുഹറയും ഹസൈനാറും
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ ‘ആവിയിൽ’ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കാസർകോട് ചെങ്കളയിലെ ഫാത്തിമത്ത് സുഹറയുടെ (42) മൃതദേഹമാണ് മുറിക്കുള്ളിൽ കണ്ടെത്തിയത്. മൂന്നുമാസമായി ഇവർക്കൊപ്പം താമസിക്കുന്ന ആൺസുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാറിനെ (30) കഴിഞ്ഞ ദിവസം കാസർകോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച ഇരുവരെയും കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിൽ കണ്ടിരുന്നു. വൈകീട്ടോടെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലും കണ്ടു. മംഗളൂരുവിലേക്ക് പോകുമെന്ന് സുഹറ ചിലരോട് പറഞ്ഞിരുന്നു. രണ്ടു ദിവസമായിട്ടും ഫോണെടുക്കാത്തതിനാൽ സുഹൃത്ത് ഷർമിള ചൊവ്വാഴ്ച വൈകിട്ട് ക്വാർട്ടേഴ്സിലെത്തി. വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് ഇവരെ മൊബൈൽ ഫോണിൽ വിളിച്ചു. റിങ്‌ടോൺ അകത്തു നിന്നു കേട്ടതോടെ ഇവർ ജനാല തുറന്നപ്പോഴാണ് അകത്തു നിന്ന് ദുർഗന്ധമുയർന്നത്. തുടർന്നാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് മുറിയിലെ സോഫയിൽ സുഹറയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സാരി മുറുകിയിട്ടുണ്ട്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസും കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി പരിശോധിച്ചു. തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെയാണ് ഹസൈനാർ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. തിങ്കളാഴ്ച പകൽ ഇയാളെ കാണാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ് ഫാനിന്റെ കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട്ടെ ക്വാർട്ടേർസിന്റെ താക്കോൽ ലോഡ്ജ് മുറിയിൽനിന്ന് കണ്ടെത്തി.

ഫാത്തിമത്ത് സുഹറ മരിച്ച കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ആവിയിൽ അപ്പാർട്ട്‌മെന്റ്
ആൺസുഹൃത്ത് ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ
പുറത്തുനിന്ന് പൂട്ടിയ ക്വാർട്ടേഴ്‌സിനകത്ത് ഒരു സ്ത്രീ മരിച്ചുകിടക്കുന്നുവെന്ന വിവരമറിഞ്ഞ് നാട് ഞെട്ടി. വാതിൽ പൂട്ടിയതിനാൽ തൊട്ടടുത്ത വീട്ടുകാർപോലും അങ്ങോട്ടേക്ക് അധികം ശ്രദ്ധകൊടുത്തില്ല. ചൊവ്വാഴ്ച മറ്റൊരു പ്രദേശത്തുനിന്ന് വന്ന സ്ത്രീ ജനാല തുറന്നപ്പോൾ അപ്പാർട്ട്‌മെന്റ് പരിസരമകെ ദുർഗന്ധം വമിക്കുകയായിരുന്നു. കാസർകോട് ചെങ്കളയിലെ ഫാത്തിമത്ത് സുഹറ ക്വാർട്ടേഴ്‌സിനകത്ത് മരിച്ചുകിടന്നത് മൂന്നു ദിവസം.
നോർത്ത് കോട്ടച്ചേരി-തുളിച്ചേരി റോഡരികിലാണ് ‘ആവിയിൽ’ എന്ന് പേരുള്ള അപ്പാർട്ട്‌മെന്റ്. ചുറ്റിലും വീടുകൾ. ഈ റോഡിലൂടെ സദാസമയവും വാഹനങ്ങളും ആളുകളും പോകുന്നു. സുഹറയെന്തേ ഫോൺ എടുക്കാത്തതെന്ന് സംശയിച്ച് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഷർമിള ചൊവ്വാഴ്ച വൈകീട്ടോടെയാണ് എത്തുന്നത്. ഇവർ വന്നില്ലായിരുന്നെങ്കിൽ സുഹറ മരിച്ചതറിയാൻ ഇനിയും ദിവസങ്ങൾ കഴിഞ്ഞേനെ. ജനാല തിക്കിത്തുറന്നപ്പോഴാണ് ദുർഗന്ധം പുറത്തെത്തിയത്.
വാതിലും ജനാലയുമെല്ലാം അടച്ചതിനാൽ ദുർഗന്ധം പുറത്തേക്കെത്തിയിരുന്നില്ല. അപ്പാർട്ട്‌മെൻിൽ നാലു ക്വാർട്ടേഴ്‌സാണുള്ളത്. ആദ്യത്തെ ക്വാർട്ടേഴ്‌സിലാണ് സുഹറ താമസിക്കുന്നത്. ഇവരുൾപ്പെടെ മൂന്നു ക്വാർട്ടേഴ്‌സിൽ ആൾതാമസമുണ്ട്. രണ്ടുവർഷമായി സുഹറ ഇവിടെ താമസിക്കുന്നു. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കഴിയുന്ന സുഹറയുമായി ഹസൈനാർ പരിചയപ്പെട്ടിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. മൂന്നുമാസം മുൻപ് ഇയാൾ സുഹറയ്‌ക്കൊപ്പം ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങി. ഞായറാഴ്ച ഹസൈനാർക്കൊപ്പം മംഗളൂരുവിലേക്ക് പോകുമെന്ന് സുഹറ ഷർമിളയോട് പറഞ്ഞിരുന്നു. ഹസൈനാറിനെയും സുഹറയേയും എല്ലാദിവസവുമെന്ന പോലെ ഞായറാഴ്ചയും എല്ലാവരും കണ്ടതാണ്. വാതിൽ പൂട്ടി ഇയാൾ പോകുന്നത് പക്ഷേ, ആരുമത്ര ശ്രദ്ധിച്ചില്ല.
നേരം ഇരുട്ടിയശേഷമായിരിക്കും ഇയാൾ പുറത്തേക്കിറങ്ങിയതെന്ന് പോലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രി കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജിലെത്തിയ ഹസൈനാർ പറഞ്ഞത് ഒരു ദിവസത്തേക്ക് മുറി വേണമെന്നാണ്. തിങ്കളാഴ്ച വൈകീട്ടോടെ പോകുമെന്ന് പറഞ്ഞ ഇയാളെ മുറിക്ക് പുറത്തേക്ക് കാണാതായത് ലോഡ്ജ് ജീവനക്കാർക്കിടയിൽ സംശയമുണ്ടാക്കി. തുടർന്നുള്ള പരിശോധനയിലാണ് ഹസൈനാർ തൂങ്ങി മരിച്ചതായി കണ്ടത്.
