സൈജു തങ്കച്ചൻ, പ്രതീകാത്മകചിത്രം-എ.എഫ്.പി.

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ സൈജു തങ്കച്ചനെ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്‍ തട്ടിയെടുത്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. 2021-ല്‍ പാലാരിവട്ടത്ത് രണ്ട് യുവതികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസിലടക്കം പ്രതിയായ സൈജുവിനെ കൊല്ലത്തുനിന്നാണ് പിടികൂടിയത്.

ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23-നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തത്. സൈജുവും സുഹൃത്തായ റെയ്സിനും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി അഭിനന്ദിനെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ചിലവന്നൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് സൈജുവും റെയ്‌സും റെയ്സിന്റെ ഭാര്യ റെമീസും ചേര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളയുകയായിരുന്നു.

പ്രതിക്കെതിരേ എറണാകുളം ടൗണ്‍ സൗത്ത്, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളും പോക്‌സോ കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.