ബാർബഡോസിൽനിന്ന് ഇന്ത്യൻ താരങ്ങളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച വിമാനം | PTI

ന്യൂഡല്‍ഹി: ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കരീബിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒടുവില്‍ ബാര്‍ബഡോസ് വിട്ടു. ബി.സി.സി.ഐ. ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങള്‍ ടി20 ലോകകപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചു. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങുകയായിരുന്നു. ബി.സി.സി.ഐ. ജനറല്‍ സെക്രട്ടറി ജയ്ഷ, ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും വിമാനത്തിലുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, കളിക്കാരുടെ കുടുംബം, ബി.സി.സി.ഐ. അധികൃതര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് വിമാനത്തിലുണ്ടാവുക. വിമാനം വ്യാഴാഴ്ച അതിരാവിലെ ന്യൂഡല്‍ഹിയിലെത്തും. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിനുശേഷം വിജയാഘോഷങ്ങള്‍ക്കായി മുംബൈയിലേക്ക് പറക്കും.

രാവിലെ ആറുമണിയോടെയാണ് ടീം ഡല്‍ഹിയിലെത്തുക. തുടര്‍ന്ന് 9.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ശേഷം മുംബൈയിലേക്ക് പറക്കുന്ന ടീം മുംബൈ മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ വിജയാഘോഷ പ്രകടനം നടത്തും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ബസ് പരേഡ്. സ്റ്റേഡിയത്തിനകത്തും ആഘോഷങ്ങളുണ്ട്. ടി20 ലോകകപ്പ് രോഹിത് ശര്‍മ ജയ്ഷായ്ക്ക് നല്‍കുന്ന ചടങ്ങ് നടക്കുക സ്‌റ്റേഡിയത്തിനകത്തുവെച്ചാണ്. തുടര്‍ന്ന് വൈകീട്ടാണ് ടീം സ്‌റ്റേഡിയത്തില്‍നിന്ന് മടങ്ങുക. ടീമിനെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിലുള്ളത്.

ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രൂക്ഷമായ ചുഴലിക്കാറ്റ് ഇന്ത്യന്‍ താരങ്ങളുടെയും ടീം അധികൃതരുടെയും തിരിച്ചുവരവ് തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ ടീമംഗങ്ങള്‍ ബാര്‍ബഡോസിലെ ഹോട്ടലില്‍ത്തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതരായി. വൈദ്യുതി, വെള്ളം വിതരണത്തിലും തടസ്സങ്ങളുണ്ടായി. ഇതോടെ ടീമംഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്താന്‍ വൈകുകയായിരുന്നു.