സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു
മംഗലപുരം(തിരുവനന്തപുരം): നെല്ലിമൂട്ടില്‍ വില്ലയില്‍നിന്ന് 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയായ അന്തസ്സംസ്ഥാന മോഷ്ടാവ് പിടിയിലായി. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡര്‍ സതീഷ് എന്ന് വിളിക്കുന്ന കാരി സട്ടി ബാബു (36) ആണ് മംഗലപുരം പോലീസിന്റെ പിടിയിലായത്.
കൊല്ലം സ്വദേശി ഷിജിയുടെ വില്ലയിലാണ് മോഷണം നടന്നത്. ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വീട്ടുകാര്‍ മോഷണവിവരമറിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. 40 ദിവസം അടഞ്ഞുകിടന്ന വീട്ടില്‍ ജൂണ്‍ രണ്ട് രാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനുശേഷം കെ.എസ്.ആര്‍.ടി.സി. ബസില്‍ നാഗര്‍കോവിലിലെത്തിയ ശേഷം പ്രതി നാട്ടിലേക്ക് മടങ്ങി. പ്രതിയെ മനസ്സിലാക്കി പിന്തുടര്‍ന്നായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചിപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി, കൊപ്പം, വിശാഖപട്ടണം, വിജയനഗരം, കടപ്പ, കര്‍ണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളില്‍ 17 ദിവസം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍നിന്നാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങള്‍ പൂര്‍ണമായി കണ്ടെത്തിയതായി റൂറല്‍ എസ്.പി. കിരണ്‍ നാരായണ്‍ പറഞ്ഞു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എ.പ്രദീപ് കുമാര്‍, മംഗലപുരം എസ്.എച്ച്.ഒ. വൈ.മുഹമ്മദ് ഷാഫി, കഠിനംകുളം എസ്.ഐ. എസ്.എസ്.ഷിജു, മംഗലപുരം എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ ലിജു, എസ്.ഐ. ദിലീപ്, രാജീവ് എസ്., റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്പൈഡര്‍ സതീഷിന്റെ കേരളത്തിലെ ആദ്യ മോഷണം
സ്പൈഡര്‍ സതീഷിന്റെ കേരളത്തില്‍ നടന്ന ആദ്യ മോഷണമാണ് മംഗലപുരത്തെ വില്ലയില്‍ നടന്നതെന്ന് മംഗലപുരം പോലീസ് എസ്.എച്ച്.ഒ. വൈ.മുഹമ്മദ് ഷാഫി പറഞ്ഞു.
തെളിവുകളൊന്നുമില്ലാതിരുന്ന കേസില്‍ താന്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പ്രതിക്കുണ്ടായിരുന്നെങ്കിലും അന്വേഷണസംഘത്തിന്റെ മികച്ച അന്വേഷണ പാടവമാണ് പ്രതിയെ കീഴടക്കാന്‍ സാധിച്ചത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതില്‍പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണിയാള്‍. ആന്ധ്രയിലെ മന്ത്രി കണ്‍പുര്‍ ബാബുരാജിന്റെ വീട്ടില്‍ നിന്നു ഏഴുകിലോ സ്വര്‍ണം കവര്‍ച്ചചെയ്ത കേസിലും കാഞ്ചിപുരത്ത് ജുവലറി ഉടമയുടെ വീട്ടില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.
ഈ കേസില്‍ ജയില്‍മോചിതനായി നാല് ദിവസം കഴിയുമ്പോഴാണ് കേരളത്തിലെത്തി വില്ലയില്‍ മോഷണം നടത്തിയത്. മോഷണം നടത്തി കിട്ടുന്ന സ്വര്‍ണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി.
എത്ര ഉയരമുള്ള ചുമരുകളും നിസാരമായി കയറിയാണ് വീടിനുള്ളില്‍ പ്രവേശിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ മോഷണം നടത്തി തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് രീതി. പ്രതിക്ക് വിശാഖപട്ടണം, ബെംഗളൂരു, കടപ്പ എന്നിവിടങ്ങളില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ ഉണ്ട്. മോഷ്ടിക്കുന്ന സ്വര്‍ണം ആന്ധ്രയിലും ബെംഗളൂരുവിലും കൊണ്ടുപോയി സ്ഥിരം മോഷണ സ്വര്‍ണം വാങ്ങുന്ന സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുന്നതാണ് പ്രതിയുടെ രീതി.
