പ്രതീകാത്മക ചിത്രം

കായംകുളം: ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവിനെതിരേ പോലീസ് ലൈംഗികാതിക്രമത്തിനു കേസെടുത്തു. സി.പി.എം. പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പ്രേംജിത്തിന്റെ പേരിലാണു കേസ്. പ്രേംജിത്തിന്റെ അമ്മയുടെ പേരിലാണു സ്ഥാപനം.

പ്രേംജിത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ജോലിയുപേക്ഷിച്ചതായും ശല്യം തുടര്‍ന്നതിനാലാണു പരാതി നല്‍കിയതെന്നും യുവതി പറയുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി കേസട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.

ലൈംഗികമായി ചൂഷണംചെയ്യാന്‍ പ്രേംജിത്ത് നിരന്തരം ശ്രമിക്കുന്നുവെന്നാണ് കരീലക്കുളങ്ങര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 10 ലക്ഷം രൂപയുടെ കുറവുണ്ടെന്നും കണക്കു നോക്കണമെന്നും അറിയിച്ച് ജോലിയുപേക്ഷിച്ചശേഷവും പ്രേംജിത്ത് സ്ഥാപനത്തിലേക്കു വിളിപ്പിച്ചിരുന്നതായി യുവതി പറയുന്നു. അവിടെ അടച്ചിട്ട മുറിയില്‍വെച്ച് പ്രേംജിത്തും കൂട്ടുകാരുംചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിക്കു കയറിയത്.

സ്ഥാപനത്തില്‍നിന്നു 10 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ടെന്നും അതേക്കുറിച്ചു ചോദിക്കുക മാത്രമാണുണ്ടാതെന്നും പ്രേംജിത്ത് പറഞ്ഞു.