Photo:Getty Images
ബെര്‍ലിന്‍: സ്ലൊവേനിയയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. നേരത്തേ മത്സരത്തിന്റെ മുഴുവന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ഇരുടീമുകള്‍ക്കും വലകുലുക്കാനായിരുന്നില്ല. എന്നാല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന് ലഭിച്ച പെനാല്‍റ്റി നായകന്‍ റൊണാള്‍ഡോ നഷ്ടപ്പെടുത്തി. റോണോയുടെ കിക്ക് ഒബ്ലാക് മികച്ച ഡൈവിലൂടെ തട്ടിയകറ്റുകയായിരുന്നു. പിന്നാലെ പൊട്ടിക്കരയുന്ന റോണോയേയും മൈതാനത്ത് കണ്ടു.
അധികസമയത്തെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേയാണ് പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഡയാഗോ ജോട്ടയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. പോര്‍ച്ചുഗീസ് ആരാധകര്‍ ആവേശത്തിലായി. കിക്കെടുക്കാന്‍ പതിവുപോലെ നായകന്‍ റൊണാള്‍ഡോയാണ് എത്തിയത്. റോണോ അനായാസം വലകുലുക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഇക്കുറി റോണോയ്ക്ക് പിഴച്ചു. കിടിലന്‍ ഡൈവിലൂടെ ഒബ്ലാക് പെനാല്‍റ്റി സേവ് ചെയ്തു. അധികസമയത്തെ ആദ്യ പകുതിയും അവസാനിച്ചു.
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു. സഹതാരങ്ങള്‍ റോണോയെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ സങ്കടം സഹിക്കാനാവാതെ പോര്‍ച്ചുഗലിന്റെ നായകന്‍ കരഞ്ഞുകൊണ്ടേയിരുന്നു. അധികസമയത്തും വിജയികളെ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റ തകര്‍പ്പന്‍ സേവുകളുമായി പോര്‍ച്ചുഗലിനെ രക്ഷിച്ചു. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. അതേസമയം ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്‍ഡോ വലകുലുക്കി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
