ലോക്‌നാഥും മമതയും | Photo Courtesy: x.com/HateDetectors

ബെംഗളൂരു: കര്‍ണാടകത്തിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസില്‍ പരാതിനല്‍കാനെത്തിയ സ്ത്രീ കുത്തേറ്റുമരിച്ചു. ഹാസന്‍ ഗൊരൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്നാഥിന്റെ ഭാര്യ മമതയാണ്(37) കൊല്ലപ്പെട്ടത്. ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നു.

ലോക്നാഥും മമതയും തമ്മില്‍ ഏതാനുംദിവസമായി വഴക്കുകൂടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ലോക്നാഥിന്റെ പേരില്‍ പരാതിനല്‍കാന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിയതായിരുന്നു മമത. പിറകെ ലോക്നാഥുമെത്തി. പ്രകോപിതനായ ലോക്നാഥ് കൈവശമുള്ള കത്തികൊണ്ട് മമതയെ കുത്തിയെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ മമതയെ പോലീസുകാര്‍ സമീപത്തെ ഹാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും മരിച്ചു.

19 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. 24 വര്‍ഷത്തെ സര്‍വീസുള്ളയാളാണ് ലോക്നാഥ്. ഹാസനിലെ അര്‍ക്കല്‍ഗുഡ് സ്വദേശിയാണ്. മമത ഹാസന്‍ സ്വദേശിനിയും. ഇവര്‍ക്ക് പ്രീ യൂണിവേഴ്സിറ്റി കോളേജിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.