നരേന്ദ്രമോദി | Photo: Screen grab/ Sansad TV
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായുള്ള സര്‍ക്കാരിന്റെ നിശ്ചദാര്‍ഢ്യത്തെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ആമുഖമായി പറഞ്ഞു. ദ്രൗപദി മുര്‍മു പ്രധാനപ്പെട്ട വിഷയങ്ങളില്‍ സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തു. ചില ആളുകളുടെ വേദന തനിക്ക് മനസിലാകും. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വലിയ പരാജയം നേരിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ദീര്‍ഘകാലം രാജ്യം പ്രീണനരാഷ്ട്രീയത്തിന് സാക്ഷ്യംവഹിച്ചു. എന്നാല്‍, ഞങ്ങള്‍ പ്രീണനത്തിന് പകരം സംതൃപ്തിപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു. എല്ലാവര്‍ക്കും നീതി ആര്‍ക്കും പ്രീണനമില്ലെന്ന സമീപനം- എന്നതായിരുന്നു നയം. അഴിമതിയോട് സഹിഷ്ണതയില്ലെന്ന സമീപനത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. ഇന്ത്യ ആദ്യം എന്ന ആശയമാണ് മുന്നോട്ടുനയിച്ചത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനുള്ള ക്യാമ്പയിന് തിരഞ്ഞെടുപ്പില്‍ അനുഗ്രഹം ലഭിച്ചു’; മോദി പറഞ്ഞു.
മണിപ്പുര്‍… മണിപ്പുര്‍… മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചതിന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ശാസിച്ചു. ഏകാധിപത്യം അനുവദിക്കില്ല, മണിപ്പുരിന് നീതി എന്നീ മുദ്രാവാക്യങ്ങളും നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി.
ഭരണമുന്നണി അംഗങ്ങള്‍ പ്രധാനമന്ത്രിയെ ഡെസ്‌കില്‍ അടിച്ച് സ്വാഗതംചെയ്തു. പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം വലിയ ശബ്ദമുണ്ടാക്കി. മണിപ്പുരിനെക്കുറിച്ച് മോദി സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞദിവസം മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശനമായിരുന്നു പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. അഗ്നിവീര്‍ പദ്ധതി, മണിപ്പുര്‍ സംഘര്‍ഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിന്‍വലിക്കല്‍, കര്‍ഷകപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി രാഹുല്‍ കടന്നാക്രമിച്ച്. രാഹുലും പ്രധാനമന്ത്രിയും നേര്‍ക്കുനേര്‍ക്ക് കൊമ്പുകോര്‍ക്കുന്ന അവസരം പോലുമുണ്ടായിരുന്നു.
എന്നാല്‍, ബി.ജെ.പിയുടെ വിമര്‍ശനത്തിന് പിന്നാലെ ചൊവ്വാഴ്ച രാഹുലിന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ സ്പീക്കര്‍ നീക്കംചെയ്തിരുന്നു.
