അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
പുണെ: പതിനഞ്ചുകാരന്‍ ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക് മുന്നില്‍ ശനിയാഴ്ച രാവിലെ 6.30-ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറി ഓടിച്ച 15-കാരനെയും പിതാവിനെയും ലോറി ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഗുസ്തി പരിശീലകയായ ഗീത ദുമെ (43), ഇവരുടെ വിദ്യാര്‍ഥി സോണി റാത്തോഡ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗീതയും ഭര്‍ത്താവും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ടാങ്കര്‍ ലോറി ആദ്യം ഇടിച്ചത്. പിന്നാലെ വ്യായാമത്തിനിറങ്ങിയ സോണിയെയും ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ഗീതയുടെ ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ട് സ്ത്രീകളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
ഗുസ്തി പരിശീലകയായ ഗീതയും ഭര്‍ത്താവ് സന്തോഷും തങ്ങളുടെ വിദ്യാര്‍ഥികള്‍ വ്യായാമത്തിനിറങ്ങിയപ്പോള്‍ സ്‌കൂട്ടറില്‍ ഇവരുടെ പിന്നിലായി സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് 15-കാരന്‍ ഓടിച്ച കുടിവെള്ള ടാങ്കര്‍ അപകടമുണ്ടാക്കിയത്.
പത്താംക്ലാസ് വിദ്യാര്‍ഥിയായ 15-കാരന്റെ പിതാവ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. തങ്ങളറിയാതെയാണ് 15-കാരന്‍ ടാങ്കറുമായി നിരത്തിലിറങ്ങിയതെന്നാണ് പിതാവിന്റെയും ലോറി ഉടമയുടെയും മൊഴി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 15-കാരനെ ജൂലായ് പത്തുവരെ നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു. മറ്റ് രണ്ട് പ്രതികളെ 14 ദിവസത്തേക്കും കോടതി റിമാന്‍ഡ് ചെയ്തു.
