Photo Courtesy: NDTV

ഗ്രേറ്റര്‍ നോയിഡ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് യൂട്യൂബറുടെ സാഹസികത പോലീസിനും അഗ്നിരക്ഷാസേനയ്ക്കും തലവേദനയായത്. ടവറിനുമേൽ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവില്‍ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

ഗ്രേറ്റര്‍ നോയിഡയിലെ ടിഗ്രി ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ ‘റീച്ചി’നായി മൊബൈല്‍ടവറില്‍ വലിഞ്ഞുകയറിയത്. നിലവില്‍ 8870 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിക്കുമെന്നുമായിരുന്നു യുവാവിന്റെ കണക്കുക്കൂട്ടല്‍.

മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ടവറിന് മുകളിലേക്ക് കയറാന്‍ തുടങ്ങി. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയുംചെയ്തു. ഇതിനിടെ യുവാവ് മൊബൈല്‍ടവറിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവം കണ്ട് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബറുടെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി. എന്നാല്‍, ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനായി ആരും ഇത്തരം അപകടംനിറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നാണ് പോലീസിന്റെ അഭ്യര്‍ഥന. യുവാവ് ടവറിന് മുകളില്‍ കയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം യുവാവിനെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.