Photo: https://www.facebook.com/profile.php?id=100063705444654

അരിസോണ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇക്വഡോര്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ മെക്‌സിക്കോ പുറത്തായി. മെക്‌സിക്കോ-ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോര്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.

ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ മെക്‌സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ഗോള്‍ നിലയില്‍ മുന്നിലുള്ളതിനാല്‍ ഇക്വഡോറിന് സമനില മതിയായിരുന്നു ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍. ആദ്യപകുതിയില്‍ മെക്‌സിക്കോ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിക്കാനായില്ല. മെക്‌സിക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വിഎആര്‍ റിവ്യുവില്‍ അത് തിരുത്തപ്പെട്ടത് മെക്‌സിക്കോയുടെ പ്രതീക്ഷ തെറ്റിച്ചു. ഗില്ലെര്‍മോ മാര്‍ട്ടിനെസിനെ ഫെലിക്‌സ് ടോറസ് ഫൗള്‍ ചെയ്തതിന് പിന്നാലെയായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്.

മൂന്ന് മത്സരങ്ങളില്‍ മൂന്ന് ജയവുമായി വെനസ്വേലയാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് ചാമ്പ്യന്മാരായി ആദ്യം ക്വാര്‍ട്ടറിലെത്തിയത്. ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഗോള്‍ശരാശരിയുടെ മികവില്‍ രണ്ടാമതായി ഇക്വഡോറും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തി. ജമൈക്കയും മെക്‌സിക്കോയും ഗ്രൂപ്പ് ബിയില്‍ നിന്ന് പുറത്തായി.