എസ്. സോമനാഥ്

ബെംഗളൂരു∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. സുനിതയുടെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എസ്.സോമനാഥ് പ്രതികരിച്ചു. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യാത്രികർക്കു വളരെക്കാലം സുരക്ഷിതമായി തുടരാൻ സാധിക്കുമെന്നും എസ്. സോമനാഥ് ഒരു ദേശീയചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണു ചർച്ചകൾ പുരോഗമിക്കുന്നത്. തിരിച്ചു ഭൂമിയിലെത്താനുള്ള മതിയായ കഴിവുകൾ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എസ്. സോമനാഥ് അറിയിച്ചു. ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ ഫ്ലൈറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള സുനിതാ വില്യംസിന്റെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ‘‘ഞങ്ങളെല്ലാവരും സുനിതയുടെ ധീരതയിൽ അഭിമാനിക്കുകയാണ്. ഇനിയും ധാരാളം ദൗത്യങ്ങൾ സുനിതയ്ക്ക് മുന്നിലുണ്ട്’’ – എസ് സോമനാഥ് പറഞ്ഞു.

ഈ മാസം അഞ്ചിനാണു സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. 13ന് തിരിച്ചുവരാനിരുന്ന ഇവരുടെ യാത്ര പേടകത്തിലെ സാങ്കേതിക തകരാർ കാരണം 26 ലേക്ക് മാറ്റിവച്ചു. എന്നാൽ പിന്നീട് അതും നടന്നില്ല. ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയായിരുന്നു ഇത്.