പ്രതീകാത്മകചിത്രം
കോട്ടയം : എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് ധാന്യം നേരേ റേഷന്‍കടയിലെത്തണമെന്ന കാര്യത്തില്‍ വീണ്ടും വടിയെടുത്ത് കേന്ദ്ര ഭക്ഷ്യവകുപ്പ്. കേരളത്തില്‍ ധാന്യം സപ്ലൈകോ ഗോഡൗണില്‍ എത്തിച്ചശേഷം അവിടെനിന്നാണ് കടകളിലേക്കു പോകുന്നത്. സപ്ലൈകോ ഗോഡൗണില്‍നിന്ന് ധാന്യം കൊണ്ടുപോകാന്‍ ഓരോവര്‍ഷവും സംസ്ഥാനം ചെലവിടുന്നത് ശരാശരി 300 കോടിയോളം രൂപയാണ്. ധാന്യം നേരേ കടകളിലെത്തിച്ചാല്‍ ചെലവ് പകുതിയാകുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
21 കോടി രൂപയാണ് സപ്ലൈകോ ഓരോ മാസവും ഗോഡൗണ്‍ വാടക, കയറ്റിറക്ക്, ചാക്ക് മാറ്റിനിറയ്ക്കല്‍, ഗോഡൗണ്‍ മേല്‍നോട്ടം, വാഹനക്കൂലി എന്നിവയ്ക്കായി മാറ്റിവെക്കുന്നത്. വാതില്‍പ്പടി വിതരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാര്‍ക്കുള്ള മാസച്ചെലവുമാത്രം ശരാശരി 25 കോടിയാണ്. ചെലവുകള്‍ സംസ്ഥാനസര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കണം. എന്നാല്‍, 2018 മുതല്‍ ഇവ പൂര്‍ണതോതില്‍ കിട്ടുന്നില്ല.
കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി 798 കോടിയാണ് വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുവദിച്ചതായി പറയുന്നത്. 710 കോടി ഇക്കാലയളവില്‍ ചെലവ് വന്നു. 281.13 കോടി സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതില്‍ ഈ കടത്തിനും പങ്കുണ്ട്.
അധികച്ചെലവുകള്‍
- സപ്ലൈകോ സാധനം സ്വന്തം കേന്ദ്രത്തിലെത്തിച്ച് വിതരണം നടത്താന്‍ 2018-ല്‍ അധിക തസ്തികകള്‍ സൃഷ്ടിച്ചു. ഹെഡ്ഓഫീസില്‍ മാനേജര്‍, അസി.മാനേജര്‍ തുടങ്ങിയവരുടെ എട്ട് തസ്തികയും ഗോഡൗണുകളില്‍ 310 തസ്തികയും.
- കയറ്റിറക്കത്തില്‍ ഇരട്ടിജോലി, അത്രയും കൂലിയും. 4100 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇവരുടെ തൊഴില്‍ സംരക്ഷിച്ച് മാത്രമേ പരിഷ്‌കാരം പറ്റൂവെന്ന് ഭക്ഷ്യമന്ത്രി.
- എല്ലാ മാസവും ശരാശരി 1.12 ലക്ഷം ടണ്‍ ധാന്യമാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് 75 താലൂക്കുകളിലായി 179 ഗോഡൗണുകളാണ് എടുത്തിട്ടുള്ളത്. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ 62, കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ 20, സ്വകാര്യ മേഖലയില്‍ 90 എന്നിങ്ങനെയാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. അഞ്ചുകോടി വരെയാണ് മാസവാടക. സപ്ലൈകോയ്ക്ക് സ്വന്തമായി ഏഴ് ഗോഡൗണ്‍മാത്രം. എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് നേരിട്ട് വിതരണം നടത്തിയാല്‍ ഇത്രയേറെ ഗോഡൗണ്‍ വേണ്ടിവരില്ല. വാടകയിനത്തില്‍ വലിയ ലാഭം.
- കാലിച്ചാക്ക് വാങ്ങല്‍.
- ഒരു ടണ്ണില്‍ കൂടുതല്‍ ധാന്യം റീബാഗ് ചെയ്യണമെങ്കില്‍ അധികമായി വരുന്ന 50 കിലോഗ്രാമിന് 10 രൂപ നിരക്കില്‍ അധികതുക അനുവദിക്കും. ഒരു ടണ്‍വരെ ശുചീകരണ ജീവനക്കാര്‍ നിറച്ച് കൊടുക്കണം.
