Photo: ANI, PTI
ബാര്‍ബഡോസ്: 11 വര്‍ഷത്തിനു ശേഷം ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കിത് മധുരപ്രതികാരത്തിന്റെ മധുരം കൂടിയാണ്. മാസങ്ങള്‍ക്കു മുമ്പ് സ്വന്തം നാട്ടില്‍ നിന്നുതന്നെ നേരിട്ട കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഹാര്‍ദിക് കാത്തുവെച്ചത് ടി20 ലോകകപ്പായിരുന്നു.
കിരീടനേട്ടത്തിനു ശേഷം സംസാരിക്കവെ കഴിഞ്ഞ ആറുമാസം താന്‍ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ഓര്‍മിക്കുകയും ചെയ്തു ഹാര്‍ദിക്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിക്കുകയും ചെയ്തു.
” ഏറെ വൈകാരികമാണിത്. ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എന്തോ ഒന്നുമാത്രം ശരിയാകുന്നുണ്ടായിരുന്നില്ല. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് നമുക്ക് ലഭിച്ചു. എനിക്കെതിരേ അന്യായമായ പലതും ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഒരക്ഷരം സംസാരിച്ചിട്ടില്ല. ആറു മാസത്തിനു ശേഷം എനിക്ക് ഏറെ പ്രത്യേകതയുള്ളതാണിത്. എനിക്ക് തിളങ്ങാന്‍ കഴിയുന്ന ഒരു സമയം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഇത്തരമൊരു അവസരം അതിനെ കൂടുതല്‍ സവിശേഷമാക്കുന്നു.” – ഹാര്‍ദിക് പറഞ്ഞു.
ഐപിഎല്ലില്‍ ഏറെ പഴികേട്ടിരുന്നു ഹർദിക്. ഹാര്‍ദിക് കളത്തിലിറങ്ങുമ്പോഴെല്ലാം കാണികള്‍ കൂവി വിളിക്കാനാരംഭിച്ചു. ഐപിഎല്ലിലെ മോശം ഫോമും ഹാര്‍ദിക്കിന് തിരിച്ചടിയായി. എന്നാൽ ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ മറ്റൊരു പതിപ്പാണ് ആരാധകര്‍ കണ്ടത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയെ കരകയറ്റിയത് ഹാര്‍ദിക്കായിരുന്നു.
