അഫ്സാന്‍ പര്‍വീന്‍. ചിത്രം: @MithilaWaala/ X

‘ടിന്‍ഡര്‍’ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ പിറന്നാള്‍ ആഘോഷത്തിനു പോയ യുവാവിന് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. സിവിൽ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാവാണ് തട്ടിപ്പിനിരയായത്. ഡൽഹിയിലെ വികാസ് മാർഗിലുള്ള ബ്ലാക്ക് മിറർ കഫേയിലാണ് സംഭവം.

ടിന്‍ഡറിലൂടെ സൗഹൃദത്തിലായ വര്‍ഷ എന്ന പെണ്‍കുട്ടിയെ കാണാനാണ് യുവാവ് കഫേയില്‍ എത്തിയത്. ലഘുഭക്ഷണവും രണ്ട് പീസ് കേക്കും, നാല് ഷോട്സുമാണ് ഇരുവരും ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അത്യാവശ്യമായി വീട്ടിലെത്തണമെന്ന് പറഞ്ഞ് പെൺകുട്ടി തിടുക്കത്തില്‍മടങ്ങി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാന്‍ എത്തിയപ്പോഴാണ് യുവാവ് അമ്പരന്നത്. 1,21,917 രൂപയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. ആയിരം രൂപയോളം മാത്രമേ താന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് വരൂ എന്ന് പറഞ്ഞെങ്കിലും പണം അടയ്ക്കാതെ പോകാൻ യുവാവിനെ കഫേ അധികൃതർ അനുവദിച്ചില്ല. ഭീഷണിപ്പെടുത്തിയും തടങ്കലില്‍ വച്ചും ഒരു ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മാത്രമാണ് കഫേ അധികൃതര്‍ പോകാന്‍ അനുവദിച്ചതെന്ന് യുവാവ് പൊലീസില്‍ വെളിപ്പെടുത്തി. കഫേ ഉടമയായ അക്ഷയ് പഹ്വയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.

കഫേയില്‍ നിന്നിറങ്ങിയതിന് പിന്നാലെ സ്റ്റേഷനിലെത്തി യുവാവ് പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കഫേയില്‍ എത്തിയ പൊലീസ് പഹ്വയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഹ്വയും സുഹൃത്തുക്കളുമാണ് കഫെ നടത്തുന്നതെന്നും പഹ്വ പത്താംക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളൂവെന്നും കൂട്ടാളിയായ ആര്യന്‍ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വര്‍ഷയെ തിരഞ്ഞിറങ്ങിയ പൊലീസ് അമ്പരന്നു. വര്‍ഷ ‘ആയിഷ’യായി ശാദി.കോമില്‍ പരിചയപ്പെട്ട മുംബൈ സ്വദേശിയായ യുവാവുമൊത്ത് മറ്റൊരു കഫേയില്‍ ഡേറ്റിങിലായിരുന്നു.

അഫ്സാന്‍ പര്‍വീനെന്നാണ് യുവതിയുടെ യഥാര്‍ഥ പേരെന്നും ഡേറ്റിങ് ആപ്പിലൂടെയും മാട്രിമണി സൈറ്റുകളിലൂടെയും യുവാക്കളെ പരിചയപ്പെട്ട് പണം തട്ടുകയാണ് രീതിയെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണത്തില്‍ 15 ശതമാനം അഫ്സാനയ്ക്കും 45 ശതമാനം കഫേയിലെ മാനേജര്‍മാര്‍ക്കും ബാക്കി 40 ശതമാനം കഫേ ഉടമകള്‍ക്കുമായാണ് വീതിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.