പരീക്ഷണ ഓട്ടത്തിനായി പത്തനാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിച്ച ബസ്

പത്തനാപുരം ∙ കെഎസ്ആർടിസി ബോർഡ് വച്ച് സ്വകാര്യ ബസ് യാത്ര, വഴി നീളെ പൊലീസും കെഎസ്ആർടിസി ജീവനക്കാരും ബസ് തടഞ്ഞ് പരിശോധിച്ചു. ഒടുവിൽ കാര്യം മനസ്സിലായപ്പോൾ ചിരി പടർത്തി, പിൻവാങ്ങി. കെഎസ്ആർടിസിക്കായി ടെസ്റ്റ് ഡ്രൈവിങ്ങിന് നൽകിയ ബസാണ് ഇന്നലെ യാത്രക്കാരെ കുഴക്കിയത്. കോഴിക്കോട് ജില്ലയിൽ സർവീസ് നടത്തി വന്ന സ്വകാര്യ ബസ്, വാഹന നിർമാതാക്കൾ ഏറ്റെടുത്ത് കെഎസ്ആർടിസിക്ക് നൽകുകയായിരുന്നു. ഇന്നു മുതൽ ഒരു മാസത്തേക്കാണ് ടെസ്റ്റ് ഡ്രൈവിങ്. മലയോര മേഖലകളിൽ വിവിധ പാതകളിൽ ഒരു മാസത്തേക്ക് സർവീസ് നടത്തും. ശേഷം വണ്ടിയുടെ കാര്യക്ഷമത മനസ്സിലാക്കി കമ്പനിയിൽ നിന്നു കൂടുതൽ ബസ് ഏറ്റെടുക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. മൂന്നു കമ്പനികളുടെ ബസുകളാണ് ഇത്തരത്തിൽ പരീക്ഷണ സർവീസ് നടത്തുന്നത്. നേരത്തേ മറ്റൊരു ബസും പരീക്ഷണ ഓട്ടത്തിനായി പത്തനാപുരത്ത് എത്തിച്ചിരുന്നു. ആ ബസ് പത്തനാപുരം–കുര–മൈലം–കൊട്ടാരക്കര പാതയിൽ സർവീസ് നടത്തി വരികയാണ്.