വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം. Photo: X@Johns

ബാർബഡോസ്∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമയും വിരാട് കോലിയും. ഇനി ട്വന്റി20 ക്രിക്കറ്റിൽ കളിക്കില്ലെന്ന് ഇരുവരും മത്സരശേഷം പ്രഖ്യാപിച്ചു. ഇതോടെ ട്വന്റി20 ടീമിൽ നായകസ്ഥാനത്തേക്ക് പുതുനിരയുടെ വരവിനും വഴിയൊരുങ്ങി. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയാകും ട്വന്റി20 ടീമിനെ ഇനി നയിക്കുക. ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പാണ്ഡ്യ.

മത്സരത്തിനു ശേഷം കളിയിലെ താരത്തിനുള്ള പുരസ്കാരം വാങ്ങുന്നതിനിടെയാണ് കോലി ട്വന്റി20 മതിയാക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വാർത്താ സമ്മേളനത്തിലാണ് രോഹിത് ശര്‍മ തന്റെ നിലപാടു വ്യക്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ഫോർമാറ്റിലും തുടർന്നും കളിക്കുമെന്നും രോഹിത് പ്രതികരിച്ചു. ‘‘ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ഞാന്‍ ഈ ട്രോഫി വളരെയേറെ ആഗ്രഹിച്ചിരുന്നതാണ്. ഈ നിമിഷത്തിൽ കൂടുതൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്.’’– രോഹിത് ശർമ പ്രതികരിച്ചു.

ട്വന്റി20 ക്രിക്കറ്റിൽ 159 മത്സരങ്ങളിൽനിന്ന് 4231 റൺസാണ് രോഹിത് ഇതുവരെ നേടിയത്. ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ സെഞ്ചറികൾ നേടിയ താരമാണ് രോഹിത്. അഞ്ച് സെഞ്ചറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. രോഹിത് ഇനിയും ഐപിഎല്ലിൽ കളിക്കും. ഈ ലോകകപ്പോടെ രാജ്യാന്തര ട്വന്റി20യിൽ നിന്ന് താൻ വിരമിക്കുമെന്നത് പരസ്യമായ രഹസ്യമായിരുന്നെന്നും കിരീടത്തോടെ പടിയിറങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കോലി പറഞ്ഞു.

മുപ്പത്തഞ്ചുകാരനായ കോലി, ഇന്ത്യയ്ക്കായി 125 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 48.69 ശരാശരിയിൽ ഒരു സെഞ്ചറിയും 38 അർധ സെഞ്ചറിയുമടക്കം 4188 റൺസ് നേടിയിട്ടുണ്ട്. 2014, 2016 ട്വന്റി20 ലോകകപ്പുകളിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്ന കോലി, ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. കോലി ഐപിഎലിൽ തുടരും.