റിച്ച ഘോഷും ഹര്‍മൻപ്രീത് കൗറും ബാറ്റിങ്ങിനിടെ. Photo: X@BCCI
ചെന്നൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 603 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. വനിതകളുടെ ടെസ്റ്റിൽ ആദ്യമായാണ് ഒരു ടീം, സ്കോർ 600 കടത്തുന്നത്. ഇന്ത്യയ്ക്കായി ശനിയാഴ്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (115 പന്തിൽ 69), റിച്ച ഘോഷും (90 പന്തിൽ 86) അർധ സെഞ്ചറി തികച്ചു.
ഷെഫാലി വർമയുടെ അതിവേഗ ഇരട്ടസെഞ്ചറിയും സ്മൃതി മന്ഥനയുടെ സെഞ്ചറിയുമായി ഒന്നാം ദിനം തന്നെ ഇന്ത്യ 500 കടന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഷെഫാലിയും (197 പന്തിൽ 205) സ്മൃതിയും (161 പന്തിൽ 149) ചേർന്നു നൽകിയ തുടക്കമാണ് ഇന്ത്യൻ ഇന്നിങ്സിന് ഇന്ധനമായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 292 റൺസ്. വനിതാ ടെസ്റ്റിലെ അതിവേഗ ഇരട്ട സെഞ്ചറിയാണ് ഷെഫാലി വർമ 194 പന്തുകളിൽ നേടിയത്. ഇത് ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും ഇന്ത്യൻ ടീം തിരുത്തിയെഴുതി.
എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പരിചിതമായി പിച്ചിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണിങ് സെഷനിൽ തന്നെ ദക്ഷിണാഫ്രിക്കൻ ബോളർമാരെ നിസ്സഹായരാക്കി. ലഞ്ചിനു പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 130 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്തടുത്ത പന്തുകളിലാണ് ഷെഫാലിയും സ്മൃതിയും സെഞ്ചറി തികച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മുന്നൂറു കടക്കും എന്നു കരുതിയിരിക്കവേയാണ് സ്മൃതി വീണത്. ഡെൽമി ടക്കറുടെ പന്തിൽ സ്‍ലിപ്പിൽ ക്യാച്ച്. 161 പന്തിൽ 27 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ രണ്ടാം ടെസ്റ്റ് സെഞ്ചറി.
വൺഡൗൺ ആയി എത്തിയ ശുഭ സതീഷ് (15) പെട്ടെന്നു മടങ്ങിയെങ്കിലും ജമൈമ റോഡ്രിഗസ് (55) ഷെഫാലിക്കു മികച്ച പിന്തുണ നൽകി. ടക്കറുടെ പന്തിൽ തുടരെ 2 സിക്സും ഒരു സിംഗിളും നേടിയാണ് ഷെഫാലി ഇരട്ട സെഞ്ചറി തികച്ചത്. ഒരു ഓവറിനു ശേഷം ഷെഫാലി നിർഭാഗ്യകരമാം വിധം റണ്ണൗട്ടായതു മാത്രമാണ് ഒന്നാം ദിനം ഇന്ത്യയ്ക്കു നിരാശയായത്. 197 പന്തിൽ 23 ഫോറും 8 സിക്സും അടങ്ങുന്നതാണ് ഷെഫാലിയുടെ ഉജ്വല ഇന്നിങ്സ്. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ടസെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഷെഫാലി. 2002ൽ ഇംഗ്ലണ്ടിനെതിരെ മിതാലി രാജ് പുറത്താകാതെ 214 റൺസ് നേടിയിരുന്നു.
ഇന്ത്യൻ വനിതാ ടീമിന്റെ മറ്റു റെക്കോർഡുകൾ
- വനിതാ ടെസ്റ്റിലെ ഏറ്റവും മികച്ച ഒന്നാം ദിന സ്കോർ– 4ന് 525
- വനിതാ ടെസ്റ്റിലെ അതിവേഗ ഇരട്ട സെഞ്ചറി– ഷെഫാലി വർമ (194 പന്തുകളിൽ)
- വനിതാ ടെസ്റ്റ് ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ– ഷെഫാലി വർമ (8)
- വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട്: ഷെഫാലി–സ്മൃതി (292 റൺസ്)
