പ്രതീകാത്മക ചിത്രം

ബാർബഡോസ്: ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകൾ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി കഴിയുമ്പോൾ ഇതിലൊരു ടീമിന്റെ വിജയക്കുതിപ്പ് അവസാനിക്കും. ഒമ്പതാം ലോകകപ്പിലെ കിരീടപ്പോരാട്ടം രാത്രി എട്ടുമുതൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ മൈതാനത്ത് നടക്കും.

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയെയും വ്യാഴാഴ്ചനടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.

തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിനുശേഷം ജയിച്ചിട്ടില്ല. മൂന്നാം ഫൈനലാണിത്. 2014 ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ്‌ ഫൈനലിൽ എത്തിയിട്ടില്ല. ഐ.സി.സി. ടൂർണമെന്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖംവരുന്നത് ആദ്യം.

ഈ ലോകകപ്പിൽ ബാർബഡോസിലെ ഗ്രൗണ്ടിൽ നടക്കുന്ന ഒമ്പതാം മത്സരമാണിത്. ഇതിൽ ഒരു മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ദക്ഷിണാഫ്രിക്ക ഇവിടെ ഒരു മത്സരവും കളിച്ചില്ല. ഇന്ത്യ ഇതേ ഗ്രൗണ്ടിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ചു.

മഴ ഭീഷണി

ബാർബഡോസ് സമയം രാവിലെ 10.30-ന് മത്സരം തുടങ്ങും. രാവിലെ നാലുമുതൽ ഒമ്പതുമണിവരെ മഴപെയ്യാൻ അമ്പതുശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിനുശേഷം മഴസാധ്യത 30 ശതമാനം.

മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ്‌ അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.

റിസർവ് ഡേ

ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാംദിനവും കളി നടക്കാതെവന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.