മുകേഷ് അംബാനി, നിത അംബാനി, അനന്ത് അംബാനിയും രാധിക മർച്ചൻറും | Photo : Instagram / Anant Ambani

ഇളയ പുത്രന്‍ ആനന്ദ്‌ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ജൂലായ് രണ്ടിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ദേശീയവാര്‍ത്താഏജന്‍സിയായ എ.എന്‍. ഐ. റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ വൈകുന്നേരം 4.30 നാണ് ചടങ്ങ്. പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങ്.

വ്യവസായി വിരേന്‍ മര്‍ച്ചന്റിനെ മകള്‍ രാധിക മര്‍ച്ചന്റുമായി ആനന്ദ്‌ അംബാനിയുടെ വിവാഹം ജൂലായ് 12 നാണ് നടക്കുന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍. അതിഥികള്‍ക്ക് ഇതിനോടകം തന്നെ സേവ് ദ ഡേറ്റ് ക്ഷണപത്രിക ലഭിച്ചുതുടങ്ങി. പരമ്പരാഗതരീതിയില്‍ ചുവപ്പും സ്വര്‍ണവും നിറങ്ങളുള്ള ക്ഷണപത്രികയാണ് ഈ വിവാഹത്തിനും അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്.

ജൂലായ് 12ന് ശുഭ് വിവാഹ് അഥവാ വിവാഹച്ചടങ്ങ് നടക്കും. ഇന്ത്യന്‍ പരമ്പരാഗതരീതിയിലുള്ള വസ്ത്രധാരണമാണ് അതിഥികള്‍ക്കായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ജൂലായ് 13ന് ശുഭ് ആശിര്‍വാദ് ദിനമാണ്. അന്നേ ദിവസം ഇന്ത്യന്‍ ഫോര്‍മല്‍ ഡ്രസ് അണിയാം. ജൂലായ് 14ന് മംഗള്‍ ഉത്സവ് അഥവാ വെഡ്ഡിങ് റിസപ്ഷന്‍ നടക്കും. എല്ലാ പരിപാടികളും ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.

ജൂണ്‍ ആദ്യം നിത അംബാനിയുടെ കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ദര്‍ശനത്തോടെയാണ് വിവാഹത്തിന്റെ ക്ഷണം ആരംഭിച്ചത്. ഈ വര്‍ഷമാദ്യം ഗുഝറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ട പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖതാരങ്ങളുള്‍പ്പെടെയുള്ളവര്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കൂടാതെ റിഹാന, ദില്‍ജീത് ജോസാഞ്ജ് എന്നിവരുടെ കലാപ്രകടനങ്ങള്‍ പരിപാടിയ്ക്ക് മോടിയേകിയിരുന്നു. വിവാഹച്ചടങ്ങുകള്‍ ഇതിലേറെ ആഡംബരത്തിലായിരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.