സംഭവസ്ഥലം വ്യോമയാന മന്ത്രി സന്ദർശിച്ചപ്പോൾ | Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപ വീതവും നല്‍കും.
അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം വ്യോമയാനവകുപ്പു മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് വിമാനത്തവളങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
