Photo:x.com/Mufaddal Vohra
ഗയാന: സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 2022 ലെ ടി20 ലോകകപ്പ് സെമിയിലെ തോല്‍വിക്കുള്ള ഇന്ത്യയുടെ പ്രതികാരം കൂടിയായിരുന്നു ഈ വിജയം. അന്ന് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനാണ് തോറ്റത്. ഇന്നലെ ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യ കണക്കുതീര്‍ത്തത്.
2023 ഏകദിനലോകകപ്പിന് ശേഷം രോഹിത്തും സംഘവും മറ്റൊരു ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വികാരനിര്‍ഭരനായ ഇന്ത്യന്‍ നായകനേയാണ് കാണാനായത്. ഡ്രസ്സിങ് റൂമിന്റെ പുറത്ത് കസേരയില്‍ ഇരിക്കുന്ന രോഹിത്തിനെ ക്യാമറ ഒപ്പിയെടുത്തു. വിരാട് കോലിയടക്കമുള്ള സഹതാരങ്ങള്‍ രോഹിത്തിനെ ആശ്വസിപ്പിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.
മത്സരശേഷം ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്ന് രോഹിത് പ്രതികരിച്ചു. ഞങ്ങള്‍ ഒന്നിച്ച് കഠിനാധ്വാനം ചെയ്തതിനാലാണ് ഈ ഘട്ടം വരെയെത്തിയത്. മത്സരം ജയിക്കാന്‍ എല്ലാവരും പ്രയത്‌നിച്ചിട്ടുണ്ട്. ഞങ്ങളുടെ ഐക്യവും ഒന്നിച്ചുള്ള പ്രയത്‌നവുമാണ് വിജയത്തിന്റെ കാരണം-രോഹിത് പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്ക ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടം മോഹിച്ചാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്.
