Photo:AP
ന്യൂ ജേഴ്‌സി: കോപ്പ അമേരിക്കയില്‍ രണ്ടാം വിജയവുമായി യുറഗ്വായ്. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ ബൊളീവിയയെ അഞ്ച് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാർ തകര്‍ത്തത്. ഇതോടെ ടീം ക്വാര്‍ട്ടറിനരികെയെത്തി.
ബൊളീവിയയ്‌ക്കെതിരേ ആധിപത്യത്തോടെ പന്തുതട്ടിയ സംഘം എട്ടാം മിനിറ്റില്‍ തന്നെ മുന്നില്‍. ഫകുണ്ടോ പെല്ലിസ്ട്രിയാണ് വലകുലുക്കിയത്. പിന്നാലെ 21-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ യുറഗ്വായ് മൂന്നു ഗോളുകള്‍ കൂടി നേടി. 77-ാം മിനിറ്റില്‍ മാക്‌സിമിലിയാനോ അറാഹോ, 81-ാം മിനിറ്റില്‍ ഫെഡറികോ വാല്‍വര്‍ഡേ, 89-ാം മിനിറ്റില്‍ റോഡ്രിഗോ ബെന്റന്‍കര്‍ എന്നിവരാണ് ഗോള്‍ പട്ടിക തികച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പനാമ യു.എസ്.എ യെകീഴടക്കി ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പനാമ വിജയിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി നിലവില്‍ യുറഗ്വായ് ഒന്നാമതാണ്. യു.എസ്.എ യ്ക്കും പനാമയ്ക്കും മൂന്ന് പോയന്റുകളാണുള്ളത്.
