മരിച്ച ബാബു
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയും അതേ സ്‌കൂട്ടർ മറിഞ്ഞ് വഴിയാത്രക്കാരന്റെ ദേഹത്തുപതിച്ചുമുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെങ്ങാനൂർ കുഴിയറത്തല സൗപർണികയിൽ മുൻ റാന്നി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ വി. ബാബു (70) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ വിഴിഞ്ഞം ജങ്ഷന് സമീപമായിരുന്നു അപകടം.
കോവളം ഭാഗത്തുനിന്നെത്തിയ കൈമനം സ്വദേശിനിയുടെ കാർ എതിരെ ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തു. തുടർന്ന് മുൻപോട്ടെടുക്കുമ്പോൾ അതേ ദിശയിൽ റോഡിൽ പാർക്കുചെയ്തിരുന്ന സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഈ സമയത്ത് സാധനങ്ങൾ വാങ്ങി അതുവഴി നടന്നുവരുകയായിരുന്ന ബാബുവിന്റെ ദേഹത്ത് സ്‌കൂട്ടർ മറിഞ്ഞ് വീണു.
റോഡിൽ വീണ ബാബുവിന്റെ തലയ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ മരിക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്തു.
റാന്നി ഗ്രാമ പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥ ടി.രാധയാണ് ഭാര്യ. മക്കൾ ബി.ആർ. സനജു (മുത്തൂറ്റ് ഫിൻകോർപ്പ് ഏരിയാ മാനേജർ), ബി.ആർ. സൗമ്യ (ഫിസിയോ തെറാപ്പിസ്റ്റ്). മരുമക്കൾ എസ്.പി. പ്രജിത, എസ്.എസ്. കിരൺ. സഞ്ചയനം വ്യാഴാഴ്ച 8:30-ന് നടത്തി.
