മിൻ്റോ റോഡിൽ കാർ വെള്ളത്തിനടിയിലായ നിലയിൽ | Photo: Screengrab / ‘X’ ANI
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിൽനിന്ന് മഴ ആശ്വാസം പകരുന്നുണ്ടെങ്കിലും വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. ഗതാഗത തടസ്സവും രൂക്ഷമാണ്.
മിൻ്റോ റോഡിൽ കാർ വെള്ളത്തിൽ മുങ്ങിയതിന്‍റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പങ്കുവച്ചു. കനത്ത മഴയിൽ പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ സാകേത് മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരും പ്രതിസന്ധിയിലായി. വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
ഡൽഹിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയുമായി 154 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉഷ്ണതരംഗം മൂലം രാത്രിയും പകലുമെന്നില്ലാതെ ചൂടിൽ വലഞ്ഞ തലസ്ഥാന നഗരിക്ക് ആശ്വാസം പകരുന്നതായിരുന്നു മഴ. വ്യാഴാഴ്ച രാവിലെ പെയ്ത മഴയിൽ ഡൽഹിയിലെ താപനില 35.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. എന്നാൽ, മഴ കടുത്തതോടെ വിവിധ മേഖലകളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരുഭാഗം വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തലസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയെത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
