യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഡോണൾഡ് ട്രംപും സിഎൻഎൻ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ (Photo by ANDREW CABALLERO-REYNOLDS / AFP)

അറ്റ്‌ലാന്റ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിനു നേരിയ മുൻതൂക്കം. സമ്പദ്‌വ്യവസ്ഥ, യുക്രെയ്ൻ – ഇസ്രയേൽ യുദ്ധങ്ങൾ, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടു. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിൽ തുടങ്ങിയ സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാക്കിയാണു ട്രംപ് ഭരണത്തിൽനിന്ന് ഇറങ്ങിയതെന്നും ഡെമോക്രാറ്റുകൾ ഭരണത്തിലെത്തിയശേഷം കാര്യങ്ങൾ വീണ്ടും ശരിയാക്കിയെടുത്തെന്നും ബൈഡൻ പറഞ്ഞു.

താൻ ഭരണത്തിലുണ്ടായിരുന്നപ്പോൾ യുഎസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈന്യത്തെ മാന്യമായും ശക്തമായും പിൻവലിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ തീരുമാനിച്ച ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ‘ഏറ്റവും ലജ്ജാകരമായ ദിവസം’ ആണെന്നും ട്രംപ് ആരോപിച്ചു.

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് വിലക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഗർഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാ‌മെന്നും ട്രംപ് ആവർത്തിച്ചു. ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് ട്രംപ് സ്വീകരിച്ചത് നിർണായക മാറ്റമാണ്. എന്നാൽ റോ– വെയ്ഡ് കേസിലെ മാനദണ്ഡങ്ങൾ പ്രകാരം നിയമപരമായി ഗർഭച്ഛിദ്രം ആകാമെന്ന നിലപാടിലായിരുന്നു ബൈഡൻ. ഏവരും ഉറ്റുനോക്കിയിരുന്ന വിഷയത്തിൽ ബൈഡൻ കൃത്യമായ മറുപടി നൽകിയുമില്ല.

റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ഒന്നും ചെയ്തിട്ടില്ലെന്നും പകരം റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റമെന്നും ട്രംപ് ആരോപിച്ചു. ഇസ്രയേൽ – ഹമാസ് യുദ്ധം തുടരാൻ ഹമാസിനെ അനുവദിക്കില്ലെന്നു ബൈഡൻ പ്രഖ്യാപിച്ചു. താൻ ഭരണത്തിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം അനുവദിക്കില്ലായിരുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.

കാലാവസ്ഥാ വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുന്ന നിലപാട് സംവാദത്തിലും ട്രംപ് ആവർത്തിച്ചു. പാരിസ് ഉടമ്പടിയിൽ കോടിക്കണക്കിനു ഡോളറാണ് യുഎസിന് ചെലവാക്കേണ്ടി വരിക. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഒന്നും നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ കാലത്ത് പരിസ്ഥിതി ഏറ്റവും മികച്ച അവസ്ഥയിലായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇരുനേതാക്കളുടെയും പ്രായത്തെക്കുറിച്ചും സംവാദത്തിൽ ചോദ്യമുണ്ടായി. തന്റെ ആരോഗ്യം മെച്ചമാണെന്നും ബൈഡൻ വിശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മറവി രോഗമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, സംവാദത്തിനിടയിലും ഓർമ മുറിഞ്ഞതിന്റെ ലക്ഷണങ്ങൾ ബൈ‍‍ഡൻ പ്രകടിപ്പിച്ചു. മെഡികെയർ, കോടീശ്വരന്മാർക്ക് കൂടുതൽ നികുതി എന്നീ വിഷയങ്ങളിൽ മറുപടി പറയുമ്പോഴാണ് ബൈഡൻ കുഴങ്ങിയത്. വാർത്താ ചാനലായ സിഎൻഎൻ സംഘടിപ്പിച്ച സംവാദത്തിൽ കാണികളെ പങ്കെടുപ്പിച്ചിരുന്നില്ല. പരസ്പരം നോക്കുകയോ കൈകൊടുക്കുകയോ ചെയ്യാതെയാണ് ഇരുനേതാക്കളും സംവാദം തുടങ്ങിയത്.