Representative Image| Photo: Centers for Disease Control and Prevention

കോഴിക്കോട്: ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ജൂണ്‍ 12-ന് മരിച്ച കണ്ണൂര്‍ സ്വദേശിയായ 13 കാരിക്കാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.