കഞ്ചാവുകാരുടെ കാറിന്റെ ഇടിയേറ്റ പോലീസ് വാഹനം, കഞ്ചാവ് കടത്തലുകാരുടെ വാഹനം
വാണിയമ്പാറ (പാലക്കാട്): കഞ്ചാവുമായി അമിതവേഗത്തില്‍ പാഞ്ഞ കാര്‍ വടക്കഞ്ചേരി പോലീസും നാട്ടുകാരും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി. കാര്‍ തടയുന്നതിനായി വാണിയമ്പാറയില്‍ റോഡിനു കുറുകെയിട്ട പോലീസ് വാഹനത്തില്‍ ഇടിച്ചാണ് കഞ്ചാവ് കടത്തലുകാരുടെ കാര്‍ നിന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ആലത്തൂര്‍ ഭാഗത്തുനിന്നാണ് കാറിനെ പിന്തുടരാന്‍ ആരംഭിച്ചത്. കണ്ണമ്പ്ര കല്ലിങ്കല്‍പ്പാടം വഴി വന്ന കാര്‍ പലയിടങ്ങളിലായി നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവയെല്ലാം മറികടന്ന് പായുകയായിരുന്നു.
കാറിന്റെ വേഗംകണ്ട് ഭയന്ന്, തടയാന്‍നിന്ന നാട്ടുകാര്‍ ഓടിമാറുകയായിരുന്നു. തുടര്‍ന്നാണ് വാണിയമ്പാറയില്‍ പോലീസ് വാഹനം റോഡിനു കുറുകെയിട്ടത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന എസ്.ഐ മോഹന്‍ദാസിന് പരിക്കേറ്റു.
