ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. Photo: X@BCCI
ഗയാന∙ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.
സ്കോർ– ഇന്ത്യ 20 ഓവറിൽ ഏഴിന് 171. ഇംഗ്ലണ്ട് 16.4 ഓവറിൽ 103. മറുപടി ബാറ്റിങ്ങിൽ സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്കോറിലേക്കു വീണു. 19 പന്തിൽ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്‍ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തിൽ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നു.

രോഹിത് ശർമയും അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു. Photo: X@BCCI
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറിനെ അക്ഷർ പട്ടേലിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സകോർ 34 ൽ നിൽക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫിൽ സോൾട്ട് ബോൾഡായി. തൊട്ടുപിന്നാലെ ജോണി ബെയർസ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അക്ഷർ പട്ടേലിന്റെ പന്തിൽ താരം ബോൾഡാകുകയായിരുന്നു. എട്ടാം ഓവറിൽ അക്ഷര്‍ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാൻ ശ്രമിച്ച മൊയീൻ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

ജസ്പ്രീത് ബുമ്രയുടെ ആഹ്ലാദം. Photo: X@BCCI
സാം കറൻ, ഹാരി ബ്രൂക്ക്, ക്രിസ് ജോർദാൻ എന്നീ താരങ്ങൾ സ്പിന്നർ കുൽദീപ് യാദവിന്റെ പന്തിലാണു കറങ്ങിവീണത്. ലിയാം ലിവിങ്സ്റ്റന്‍ റണ്ണൗട്ടായി. ജോഫ്ര ആർച്ചറിന്റെ ചെറുത്തുനിൽപാണ് ഇംഗ്ലിഷ് സ്കോർ 100 കടത്തിയത്. 16 ഓവറിലാണ് ഇംഗ്ലണ്ട് 100 തൊട്ടത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.
രോഹിത്തിന് അർധ സെഞ്ചറി, ഇന്ത്യ ഏഴിന് 171
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമയുടേയും സൂര്യകുമാർ യാദവിന്റേയും ബാറ്റിങ് കരുത്തിലാണ് 171 റൺസെടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസെടുത്തു പുറത്തായി. 36 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 47 റൺസെടുത്തു മടങ്ങി. മഴ കാരണം മത്സരം വൈകിയാണു തുടങ്ങിയത്. ഓപ്പണർ വിരാട് കോലിക്കും ഋഷഭ് പന്തിനും തിളങ്ങാനായില്ല. ഒൻപതു പന്തുകളിൽ ഒൻപതു റണ്‍സെടുത്ത കോലി പേസർ റീസ് ടോപ്‍ലിയുടെ പന്തിൽ ബോൾഡാകുകയായിരുന്നു. നാലു റൺസെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തും മടക്കി. പവർപ്ലേയിൽ 46 റൺസാണ് ഇന്ത്യ നേടിയത്. ഇന്ത്യ എട്ടോവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തു നിൽക്കെ മഴയെത്തി.

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമയുടെ ബാറ്റിങ്. Photo: RandyBrooks/AFP
മത്സരം വീണ്ടും ആരംഭിച്ചപ്പോൾ രോഹിത് ശർമയും സൂര്യകുമാർ യാദവും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി. 12.3 ഓവറിൽ സ്കോർ 100 പിന്നിട്ടു. അർധ സെഞ്ചറി നേടിയതിനു പിന്നാലെ ആദിൽ റാഷിദിന്റെ പന്തിൽ രോഹിത് ശർമ ബോൾഡായി. 16–ാം ഓവറിൽ ജോഫ്ര ആർച്ചറെ സിക്സർ പറത്താൻ ശ്രമിച്ച സൂര്യകുമാർ യാദവിനു പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ലോങ് ഓണിൽ ക്രിസ് ജോർദാന്‍ പിടിച്ചെടുത്തു. അവസാന ഓവറുകളിൽ സ്കോര്‍ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യ പുറത്തായത്. ക്രിസ് ജോർദാന്റെ 18–ാം ഓവറിൽ തുടർച്ചയായി രണ്ടു സിക്സറുകൾ പാണ്ഡ്യ പറത്തിയിരുന്നു. നാലാം പന്തും ബൗണ്ടറിക്കു ശ്രമിച്ചതോടെ ലോങ് ഓഫിൽ ഫീൽഡർ സാം കറൻ ക്യാച്ചെടുത്തു. 13 പന്തുകൾ നേരിട്ട പാണ്ഡ്യ 23 റൺസെടുത്തു.

രോഹിത് ശർമയും വിരാട് കോലിയും ബാറ്റിങ്ങിനിടെ. Photo: RandyBrooks/AFP
ശിവം ദുബെ വന്നപോലെ മടങ്ങി. കീപ്പർ ജോസ് ബട്‍ലർ ക്യാച്ചെടുത്താണ് ദുബെയെ മടക്കിയത്. 18–ാം ഓവറിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. അക്ഷർ പട്ടേൽ 10 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയും (9 പന്തിൽ 17) അർഷ്ദീപ് സിങ്ങും പുറത്താകാതെനിന്നു. ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. റീസ് ടോപ്‍ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദിൽ റാഷിദ് എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ. Photo: RandyBrooks/AFP
