ഹ്യുണ്ടായി ഇൻസ്റ്റർ ഇലക്ട്രിക് | Photo: Hyundai.com

ഹ്യുണ്ടായിയുടെ വാഹനനിരയിലെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ ഇന്‍സ്റ്റര്‍ പുറത്തിറക്കി. ഹ്യുണ്ടായിയുടെ ഈറ്റില്ലമായ ദക്ഷിണ കൊറിയയിലെ ഔദ്യോഗിക ഓട്ടോഷോയായ ബുസാന്‍ ഇന്റര്‍നാഷണല്‍ മൊബിലിറ്റി ഷോയിലാണ് ഇന്‍സ്റ്റര്‍ എന്ന ഇലക്ട്രിക് വാഹനം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. സബ് കോംപാക്ട് ഇ.വി. എന്ന പുതിയൊരു സെഗ്മെന്റിന്റെ തുടക്കം കൂടിയാണ് ഈ വാഹനത്തിന്റെ വരവോടെ സംഭവിച്ചിരിക്കുന്നതെന്നാണ് വിദഗ്ധ വിലയിരുത്തലുകള്‍.

ഫ്യൂച്ചറിസ്റ്റിക് ശൈലിയില്‍ ബോള്‍ഡ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള കുഞ്ഞന്‍ ഇ.വി. എന്നതാണ് ഈ വാഹനത്തിന് ഇണങ്ങുന്ന വിശേഷണം. സബ് കോംപാക്ട് എസ്.യു.വി. ബോഡിയില്‍ വിശാലമായ ഇന്റീരിയര്‍ ഒരുക്കിയാണ് ഈ വാഹനം എത്തുന്നതെന്നതാണ് പ്രധാന സവിശേഷത. വലിപ്പത്തില്‍ കുഞ്ഞനായിട്ടുള്ള ഈ വാഹനം സാങ്കേതികവിദ്യയിലും മറ്റും ഏറെ മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജിങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്.

ഹ്യുണ്ടായി 2021-ല്‍ പ്രദര്‍ശിപ്പിച്ച കാസ്പര്‍ എന്ന വാഹനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്‍സ്റ്ററും ഒരുങ്ങിയിട്ടുള്ളത്. സര്‍ക്യൂട്ട് ബോര്‍ഡ് സ്‌റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ബമ്പറും സ്‌കിഡ് പ്ലേറ്റും, ബമ്പറില്‍ വൃത്താകൃതിയിലെ ഡി.ആര്‍.എല്ലും ഹെഡ്‌ലാമ്പും ഗ്ലോസി ബ്ലാക്ക് എലമെന്റുകളില്‍ ക്ലോസ്ഡ് ആയിട്ടുള്ള ഗ്രില്ലുമാണ് മുന്‍ഭാഗം അലങ്കരിക്കുന്നത്. തിളങ്ങുന്ന ലോഗോയും പിക്‌സല്‍ ഗ്രാഫിക്‌സ് ഇന്റിക്കേറ്ററും വാഹനത്തിന് ഫ്യുച്ചറിസ്റ്റിക് ഭാവം നല്‍കുന്നുണ്ട്.

ഇരട്ട നിറത്തിലാണ് ഇന്‍സ്റ്ററിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ച് വലിപ്പത്തിലുള്ള സ്റ്റീല്‍ വീല്‍, 15,17 ഇഞ്ച് വലിപ്പങ്ങളില്‍ നല്‍കുന്ന അലോയി വീലുകള്‍ എന്നിവയും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ബോക്‌സി ഡിസൈന്‍ ഫീലാണ് വശങ്ങള്‍ നല്‍കുന്നത്. സി പില്ലറിലാണ് റിയര്‍ ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിട്ടുള്ളതും. റിയര്‍ വിന്‍ഡ് ഷീല്‍ഡിനോട് ചേര്‍ന്ന് പിക്‌സല്‍ ഡിസൈനിലാണ് ടെയ്ല്‍ ലാമ്പ് നല്‍കിയിട്ടുള്ളത്. ത്രി ഡി ഡിസൈനിലുള്ള ലോഗോയാണ് റിയറിലുള്ളത്. സ്‌കിഡ് പ്ലേറ്റും ബ്ലാക്ക് ക്ലാഡിങ്ങും ഉള്‍പ്പെടെയാണ് റിയര്‍ ബമ്പര്‍ തീര്‍ത്തിരിക്കുന്നത്.

ഫ്യൂച്ചറിസ്റ്റിക് എന്ന വിശേഷണം പൂര്‍ണമായും ഇണങ്ങുന്ന അകത്തളമാണ് ഇന്‍സ്റ്ററിന് നല്‍കിയിട്ടുള്ളത്. സ്റ്റിയറിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഉള്‍പ്പെടെയുള്ളവ അയോണിക് 5-ല്‍ നല്‍കിയിരുന്നതിനോട് സമാനമാണ്. ഡ്രൈവര്‍ സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും ഫോള്‍ഡ് ചെയ്യാന്‍ സാധിക്കും. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഡിജിറ്റല്‍ കീ, വണ്‍ ടെച്ച് സണ്‍റൂഫ്, കണക്ടിവിറ്റി സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സണ്‍റൂഫ്, കണക്ടിവിറ്റി സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയും ഈ വാഹനത്തില്‍ നൽകുന്നുണ്ട്.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 42 കിലോവാട്ട് ആണ് സ്റ്റാന്റേഡ് മോഡലില്‍ നല്‍കുന്നത്. 49 കിലോവാട്ട് ബാറ്ററിയുള്ള ലോങ് റേഞ്ചും ഇന്‍സ്റ്റര്‍ നിരയിലുണ്ട്. 97 പി.എസ്. പവറാണ് സ്റ്റാന്റേഡ് മോഡലിലെ ഇലക്ട്രിക് മോഡല്‍ ഉത്പാദിപ്പിക്കുന്നത്. ലോങ് റേഞ്ചില്‍ ഇത് 115 പി.എസ് ആണ്. 147 എന്‍.എം. ആണ് രണ്ട് മോഡലിലേയും ടോര്‍ക്ക്. സിംഗിള്‍ മോട്ടോറായിരിക്കും ഇന്‍സ്റ്ററിന് കരുത്തേകുന്നതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

വിപണിയിലെ ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങളും ഉറപ്പാക്കുന്ന ഉയര്‍ന്ന റേഞ്ചാണ് ഇന്‍സ്റ്ററില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കുന്നത്. ലോങ് റേഞ്ച് പതിപ്പ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 355 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 120 കിലോവാട്ട് ഡി.സി. ഹൈ പവര്‍ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ ബാറ്ററിയില്‍ 80 ശതമാനം ചാര്‍ജ് നിറയുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 11 കിലോവാട്ട് ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് വാഹനത്തില്‍ സ്റ്റാന്റേഡായി നല്‍കുന്നത്.