ഡി.ശാമുവേൽ
പൂവാര്‍ (തിരുവനന്തപുരം): രാജസ്ഥാനില്‍ മരിച്ച ബി.എസ്.എഫ്. ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചത് ജീര്‍ണിച്ച നിലയില്‍. രാജസ്ഥാനിലെ വാഡ്മീര്‍ അതിര്‍ത്തിയിലെ ഹെഡ് കോണ്‍സ്റ്റബിളായ പൂവാര്‍ കുളംവെട്ടി എസ്.ജെ. ഭവനില്‍ ഡി.ശാമുവേലിന്റെ(59) മൃതദേഹത്തിനോടാണ് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഈ മാസം 24-ന് ഉച്ചയ്ക്കാണ് ശാമുവേല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി അന്നേദിവസം വൈകീട്ടോടെ ബി.എസ്.എഫ്. അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചത്. മൃതദേഹം ബുധനാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ ബി.എസ്.എഫ്. അധികൃതര്‍ ഏറ്റുവാങ്ങി. രാത്രിയായതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വെക്കണമെന്ന് ബി.എസ്.എഫ്. അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റും മുന്‍പ് മൃതദേഹം പെട്ടിതുറന്ന് തുറന്നുകാണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ജീര്‍ണിച്ച നിലയിലായിരുന്നെന്ന് കണ്ടത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും മരണം സംബന്ധിച്ച് സംശയമുണ്ടെന്നും അതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബന്ധുക്കല്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂവാര്‍ പോലീസ് വ്യാഴാഴ്ച തിരുവനന്തപുരം മോര്‍ച്ചറിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. മൃതദേഹം തിരിച്ചറിയുന്നതിനായി ഡി.എന്‍.എ. ടെസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അല്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
ശാമുവേല്‍ മരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ വാഡ്മീറിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. എന്നാല്‍ ധരിച്ചിരുന്ന വസ്ത്രംപോലും മാറ്റാതെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും മൃതദേഹം ജീര്‍ണാവസ്ഥയിലായത് സൈനികനോടുള്ള അനാദരവാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പെട്ടിയിലാക്കിയത് എംബാം ചെയ്തിട്ടാണെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ എംബാം ചെയ്തിട്ടില്ലെന്നും അതാണ് മൃതദേഹം ജീര്‍ണാവസ്ഥയിലാകാനിടയാക്കിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അടിയന്തിരമായി ഡി.എന്‍.എ. ടെസ്റ്റ് നടത്തി ഫലം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്ന് ശാമുവലിന്റെ അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഇത് കാരണം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഒരു മാസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ ശാമുവേല്‍ ഈ മാസം 18-നാണ് തിരികെ ജോലിയ്ക്ക് പോയത്. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് മരിച്ചത്. ജാസ്മിന്‍ലൗലിയാണ് ശാമുവേലിന്റെ ഭാര്യ. മക്കള്‍: നീന, മീന. മരുമക്കള്‍: വിനീത്, സുജിത്.
