വിജയം ആഘോഷിക്കുന്ന വെനസ്വേല താരങ്ങൾ
കലിഫോർണിയ∙ മെക്സിക്കോയെ തകർത്ത് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ കടന്ന് വെനസ്വേല. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെനസ്വേലയുടെ വിജയം. 57–ാം മിനിറ്റിൽ സാലമൻ റോണ്ടന്റെ പെനൽറ്റി ഗോൾ വെനസ്വേലയെ മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ഷോട്ടുകളിലും പാസുകളിലും പന്തടക്കത്തിലുമെല്ലാം മുന്നിൽനിന്നിട്ടും ഗോൾ നേടാൻ മാത്രം മെക്സിക്കോയ്ക്കു സാധിച്ചില്ല.
രണ്ടാം വിജയത്തോടെ ആറു പോയിന്റു നേടിയ വെനസ്വേല ഗ്രൂപ്പിൽ ഒന്നാമതായി. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും മെക്സിക്കോ മൂന്നാമതുമാണ്. ആദ്യ രണ്ടു കളികളും തോറ്റ ജമൈക്ക ടൂര്‍ണമെന്റിൽനിന്നു പുറത്തായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപിച്ചാൽ മെക്സിക്കോയ്ക്കും നോക്കൗട്ടിൽ കടക്കാൻ സാധിക്കും. 87–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് മെക്സിക്കോ താരം ഒർബെലിൻ പിനെദ പാഴാക്കിയതാണു മത്സരത്തിൽ നിർണായമായത്. മെക്സിക്കോ താരത്തിന്റെ ഷോട്ട് വെനസ്വേല ഗോളി റാഫേൽ റോമോ തട്ടിയകറ്റുകയായിരുന്നു.
മെക്സിക്കോ താരം ജുലിയൻ ക്വിനോനസ് വെനസ്വേലയുടെ ജോൺ ആറംബരുവിനെ പെനൽറ്റി ഏരിയയിൽവച്ച് വീഴ്ത്തിയതിനാണു വെനസ്വേലയ്ക്കു അനുകൂലമായ പെനൽറ്റി വിധിച്ചത്. കിട്ടിയ അവസരം ഉപയോഗിച്ച് വെനസ്വേല മുൻപിലെത്തുകയും ചെയ്തു.
