മനു തോമസ്, ഫേസ്ബുക്കിലെ ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് , ആകാശ് തില്ലങ്കേരി
കണ്ണൂർ: പാർട്ടിവിട്ട സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ ഫെയ്സ്ബുക്കിൽ ഭീഷണി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് മനു തോമസിനെതിരെ രംഗത്ത് വന്നത്. പാർട്ടി വിട്ടാൽ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്ന് ആകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഒപ്പമുള്ള ബിസിനസ്സുകാർക്കും മാധ്യമങ്ങൾക്കും ഒന്നും ചെയ്യാനാകില്ലെന്നും ഭീഷണി.
റെഡ് ആർമി എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് കീഴെയാണ് ആകാശിന്റെ കമന്റ്. പി. ജയരാജനെ രൂക്ഷമായി വിമർശിച്ച് മനു തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
2023 ഏപ്രിൽ 13-നുശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പാർട്ടിപ്രവർത്തനത്തിലോ മനു തോമസ് പങ്കെടുത്തിരുന്നില്ല. പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം പലതവണ സമീപിച്ചെങ്കിലും തയ്യാറായില്ല. ഇതോടെ, മനു തോമസിന്റെ ഒഴിവിലേക്ക് ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അതോടെയാണ് പാർട്ടിയുമായി ബന്ധം വിടാനുള്ള മനുവിന്റെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായത്.
