പ്രതീകാത്മക ചിത്രം

ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകള്‍ പൂര്‍ണമായും അടച്ചിട്ടിരുന്നു. ഇപ്പോള്‍ നാല്‍പ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്.

ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവില്‍ പാതകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയില്‍ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളിലെ വനപാതകള്‍ ട്രെക്കിങ്ങിന് തുറന്നുകൊടുക്കുന്നവയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍. റെഡ്ഡി പറഞ്ഞു. 119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതില്‍ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം. മറ്റുള്ള പാതകള്‍ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

2018-ലാണ് തേനിജില്ലയില്‍ ബോഡിനായ്ക്കന്നൂരിനുസമീപം കുരങ്ങണി മലനിരകളിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെന്നൈ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ 39 അംഗസംഘം മാര്‍ച്ച് പത്തിന് ട്രക്കിങ്ങിനെത്തിയതായിരുന്നു.