ആന്‍ഡമാന്‍
കണ്ടുതീരാത്തത്രയും വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. എത്രതവണ പോയാലും വീണ്ടും കാണാന്‍ തോന്നുന്നത്രയും മനോഹരവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ കാഴ്ചകളാണ് ആന്‍ഡമാന്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. അതിമനോഹരമായ ഭൂപ്രകൃതിയും ലോകോത്തര ബീച്ചുകളും ചരിത്ര സ്മാരകങ്ങളുമെല്ലാമായി പെര്‍ഫക്ട് ഡസ്റ്റിനേഷന്‍.
നിരവധി സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ ആന്‍ഡമാനിലേക്ക് ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം ചെലവേറിയതാണ്. ഇവിടെയാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ ആന്‍ഡമാന്‍ പാക്കേജ് (S-E-A12) വ്യത്യസ്തമാകുന്നത്. ആന്‍ഡമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജ് ഈ യാത്ര സെപ്റ്റംബര്‍ 25ന് കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്.
5 രാത്രിയും 6 പകലും നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍, ഹാവ്‌ലോക് ദ്വീപ്, നീല്‍ ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കും. സെപ്തംബര്‍ 25 രാവിലെ 5.25 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് പോര്‍ട്ട് ബ്ലെയറിലെത്തുക. കോര്‍ബിന്‍സ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പടെ) തുടങ്ങിയവയാണ് ആദ്യ ദിവസത്തെ കാഴ്ചകള്‍.
പിറ്റേ ദിവസം റോസ് ദ്വീപിനും നോര്‍ത്ത് ബേ ടൂറിനുമാണ് മാറ്റിവെക്കുന്നത്. നോര്‍ത്ത് ബേയിലെ മനോഹരമായ സമുദ്രക്കാഴ്ചകളും പവിഴപ്പുറ്റുകളും ഗ്ലാസ് ബോട്ടം ബോട്ടില്‍ സഞ്ചരിച്ച് കാണാനുള്ള അവസരവുമുണ്ട്. 27 ന് രാവിലെ ക്രൂസ് ഷിപ്പില്‍ ഹാവ്‌ലോക് ദ്വീപിലേക്ക് പോകും. ഹാവ്‌ലോകില്‍ എത്തി ഹോട്ടലില്‍ വിശ്രമിച്ച ശേഷം ഉച്ചയോടെ ലോകപ്രശസ്തമായ രാധാനഗര്‍ ബീച്ചിലേക്ക് പോകും. തുടര്‍ ദിവസങ്ങളില്‍ കാലാപത്തര്‍ ബീച്ച്, നീല്‍ ദ്വീപ്, ലക്ഷ്മണ്‍പുര്‍ ബീച്ച്, ഭരത്പുര്‍ ബീച്ച്, നാച്ചുറല്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും. സെപ്തംബര്‍ 30ന് പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്നാണ് മടക്കയാത്ര.
50,900 രൂപ മുതല്‍ 64,420 വരെയാണ് ഈ പാക്കേജിന്റെ നിരക്ക്. കുട്ടികള്‍ക്ക് 38,250 രൂപ മുതല്‍ 46,250 രൂപ വരെയുമാണ് ടിക്കറ്റ്. വിമാനയാത്രയും ഹോട്ടല്‍ താമസവും ഗൈഡും മറ്റ് ചിലവുകളും ഉള്‍പ്പടെയാണ് ഈ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842382991 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴിയും പാക്കേജ് ബുക്ക് ചെയ്യാം.
