Photo:PTI

ട്രിനിഡാഡ്: ലോകകപ്പ് സെമിയില്‍ അഫ്ഗാന്റെ തോല്‍വിയിലേക്ക് നയിച്ച മോശം ബാറ്റിങ്ങിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വോണ്‍ ഇന്ത്യയ്‌ക്കെതിരേ ട്വീറ്റുമായി രംഗത്തെത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ മത്സരക്രമം നിശ്ചയിച്ച രീതി ചൂണ്ടിക്കാട്ടിയാണ് വോണ്‍ രംഗത്തുവന്നത്. മത്സരക്രമം മൂലം അഫ്ഗാന് സെമിയ്ക്കായി തയ്യാറെടുക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ്‌ മുന്‍ ഇംഗ്ലണ്ട് താരം ആരോപിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് സെന്റ് ലൂസിയയില്‍ നിന്ന് അഫ്ഗാന്‍ ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കുന്നത്. ട്രിനിഡാഡിലേക്കുള്ള വിമാനം ചൊവ്വാഴ്ച 4 മണിക്കൂര്‍ വൈകി. അതിനാല്‍ ട്രിനിഡാഡില്‍ പരിശീലനത്തിനുള്ള സമയം ലഭിച്ചില്ല. – വോണ്‍ കുറിച്ചു.

ട്രിനിഡാഡില്‍ ഇതിന് മുമ്പും അഫ്ഗാന്‍ കളിച്ചിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയ ആരാധകനും വോണ്‍ മറുപടി നല്‍കി. സെമി ഫൈനലിനായി കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണമെന്ന് അദ്ദേഹം കുറിച്ചു.

ഈ സെമി മത്സരം ഗയാനയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് മുഴുവനായി ഇന്ത്യയ്ക്കനുകൂലമായാണ് നീക്കുന്നത്‌. ഇത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അനീതിയാണ്. -വോണ്‍ എക്‌സില്‍ കുറിച്ചു. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി.

സെമിയില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാന്‍ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അഫ്ഗാന്‍ നിരയിലാര്‍ക്കും അധികനേരം പിടിച്ച് നില്‍ക്കാനായില്ല. ടീം 56 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ഞെട്ടിച്ചെങ്കിലും പിന്നീട് മാര്‍ക്രവും റീസ ഹെന്‍ഡ്രിക്‌സും കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ലേകകപ്പിലെ അഫ്ഗാന്റെ ആദ്യ സെമിപ്രവേശമായിരുന്നു ഇത്തവണത്തേത്.