കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം∙ നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നിയമസഭയില്‍. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. രാജ്യം മുഴുവന്‍ ഒരു നികുതി എന്നു കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി.

‘‘അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 രൂപ എന്നാണ് നമ്മുടെ നിലപാട്. ശബരിമല സീസണ്‍ വരാന്‍ പോകുകയാണെന്ന് തമിഴ്‌നാട്ടുകാര്‍ മനസ്സിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടു വരാന്‍ പോകുന്നത്. ഞങ്ങള്‍ ഖജനാവില്‍ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാല്‍ അവിടെനിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.’’ – ഗണേഷ് കുമാര്‍ പറഞ്ഞു.