പിടിയിലായ അബു താഹിർ,വെടിവെയ്പ്പിൽ തകർന്ന ജനൽചില്ലുകൾ

കോട്ടയ്ക്കല്‍ (മലപ്പുറം): വിവാഹത്തില്‍നിന്ന് പിന്മാറിയതിന്റെ പകയില്‍ വധുവിന്റെ വീടിന് നേരേ വരന്‍ വെടിയുതിര്‍ത്തത് എയര്‍ഗണ്‍ ഉപയോഗിച്ച്. കോട്ടയ്ക്കല്‍ അരിച്ചോള്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന് നേരേയാണ് വരനായ അരിച്ചോള്‍ നെടുങ്ങോട്ട് കുളമ്പ് സ്വദേശി അബുതാഹിര്‍(28) മൂന്നുതവണ വെടിയുതിര്‍ത്തത്. വെടിയേറ്റ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അബുതാഹിറും പെണ്‍കുട്ടിയും തമ്മിലുള്ള നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു. ഇതിനിടെ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രതി ചികിത്സയിലായി. അപകടത്തിന് ശേഷം പ്രതി എല്ലാം സംശയത്തോടുകൂടിയാണ് കണ്ടിരുന്നതെന്നാണ് പറയുന്നത്. ഈ സംശയം കാരണമാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് വിവരം. യുവാവ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന വിവരം ലഭിച്ചതും വിവാഹത്തിൽനിന്ന് പിന്മാറാനുള്ള കാരണമായി പറയുന്നു.

ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അബുതാഹിര്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വീടിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം വെടിയൊച്ച കേട്ടെങ്കിലും വീട്ടിലുള്ളവര്‍ക്ക് എന്താണ് സംഭവമെന്ന് മനസ്സിലായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നനിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത്.എസ്. കാരന്മയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അബുതാഹിറിനെ പിടികൂടിയത്.

ഒരുമാസം മുമ്പാണ് പ്രതി എയർഗൺ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവെയ്ക്കാൻ പരിശീലനം നടത്തി. ഇതിനുശേഷമാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി വെടിയുതിർത്തതെന്നും ആ സമയത്ത് ആർക്കെങ്കിലും വെടിയേറ്റിരുന്നെങ്കിൽ മരണംവരെ സംഭവിച്ചേനെയെന്നും പോലീസ് പറഞ്ഞു.