പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. തമിഴ്നാട് നീരോടി സ്വദേശികളായ സെല്‍വരാജ് ,അബിന്‍, സാബു, ജഗന്‍, സെബാസ്റ്റിയന്‍, അനീറ്റസ് ഷാജി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച സന്ധ്യയോടെ തമിഴ്നാട് തേങ്ങാപ്പട്ടണം ഹാര്‍ബറില്‍ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന വഴിയില്‍ ശംഖുംമുഖം ഭാഗത്തെ കടലില്‍ വച്ചായിരുന്നു തിരിയടിച്ച് വളളത്തിന് പൊട്ടലുണ്ടായത്. വളളത്തില്‍ വെളളം കയറിയതോടെ ഫിഷറീസ് കണ്‍ട്രോളിലും കോസ്റ്റല്‍ പോലീസിലും ഇവര്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ കോസ്റ്റല്‍ പോലീസ് തൊഴിലാളികളെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
