എം.വി. നികേഷ് കുമാര്‍
കൊച്ചി: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്.
പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ്, റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.
സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സിഇഒയായി. ഇന്ത്യ വിഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങി. 28 വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റോറിയല്‍ ചുമതലയും അദ്ദേഹം ചൊവ്വാഴ്ച ഒഴിഞ്ഞു.
