ഫ്രാങ്ക് ഡക്ക്‌വർത്ത്( Photo: IANS)

ലണ്ടൻ ∙ ക്രിക്കറ്റ് മത്സരം മഴപെയ്തു തടസ്സപ്പെടുമ്പോൾ ഫലം നിർണയിക്കാൻ ആശ്രയിച്ചിരുന്ന ഡിഎൽഎസ് (‍ഡക്ക്‌വർത്ത് – ലൂയിസ്–സ്റ്റേൺ) നിയമത്തിനു രൂപം നൽകിയവരിൽ ഒരാളായ ഫ്രാങ്ക് ഡക്ക്‌വർത്ത് (84) അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണമെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.

ഗണിതശാസ്ത്രജ്ഞനായ ഡക്ക്‌വർത്ത് സഹപ്രവർത്തകനായിരുന്ന ടോണി ലൂയിസുമായി ചേർന്ന് 1997ലാണു മഴനിയമത്തിന്റെ ആദ്യരൂപത്തിനു ജന്മം നൽകിയത്. ലൂയിസ് 2020ൽ 78–ാം വയസ്സിൽ അന്തരിച്ചിരുന്നു. തിങ്കളാഴ്ച്ച കഴിഞ്ഞ ‌‌‌‌ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ–ബംഗ്ലദേശ് മത്സരഫലം നിർണയിക്കാൻ വരെ ഇവരുടെ നിയമമാണ് ഉപയോഗിച്ചത്.

1992ലെ ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയാണ് ഡക്ക്‌വർത്തിനെയും ലൂയിസിനെയും ആദ്യമായി ഒന്നിപ്പിച്ചത്. ദക്ഷിണാഫ്രിക്ക തോറ്റു പുറത്തായപ്പോൾ, അന്നത്തെ റേഡിയോ കമന്ററിയിൽ കേട്ട ഒരു വാചകമാണ് ഇരുവർക്കും പ്രചോദനമായത്: ‘ഈ മത്സരം കാണുന്നവരിൽ ആരെങ്കിലും ക്രിക്കറ്റിൽ പുതിയൊരു മഴനിയമത്തിനായി ശ്രമിച്ചിരുന്നെങ്കിൽ…’

1997ലെ സിംബാബ്‌വെ – ഇംഗ്ലണ്ട് 2–ാം ഏകദിനത്തിൽ തന്നെ മഴനിയമം ആദ്യമായി പരീക്ഷിച്ചു. 1999ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ‘ഡക്ക്‌വർത്ത് ലൂയിസ്’ നിയമത്തിന് അംഗീകാരം നൽകി. 2014ൽ ഇവരുടെ മഴനിയമത്തിൽ ഓസ്ട്രേലിയൻ പ്രഫസറായ സ്റ്റീവൻ സ്റ്റേൺ ചില മാറ്റങ്ങൾ വരുത്തി. അതോടെയാണ് നിയമം ഡിഎൽഎസ് (ഡക്ക്‌വർത്ത് – ലൂയിസ് – സ്റ്റേൺ) ആയത്. ഓസ്ട്രേലിയക്കാരനായ സ്റ്റേൺ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.