പിടിയിലായ പ്രതികൾ
കൊടുവള്ളി(കോഴിക്കോട്): നരിക്കുനിയിലെ മൊബൈല്‍ഷോപ്പില്‍ നല്‍കിയ പണത്തില്‍ 500 രൂപയുടെ 14 കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. നരിക്കുനിയിലെ ‘ഐ.ക്യു. മൊബൈല്‍ ഹബ്ബി’ല്‍ മണിട്രാന്‍സ്ഫര്‍ ചെയ്യാനായി ഏല്‍പ്പിച്ച തുകയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കത്തറമ്മല്‍ സ്വദേശി മുര്‍ഷിദ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ്, മണ്ണാര്‍ക്കാട് സ്വദേശിനി ഹുസ്‌ന എന്നിവരാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി കോടതി റിമാന്‍ഡുചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ഹുസ്‌ന, സഹോദരന്റെ അക്കൗണ്ടിലേക്ക് 15,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനായി മുഹമ്മദ് റയീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ.ക്യു.മൊബൈല്‍ ഹബ്ബില്‍ എത്തിയത്. മണിട്രാന്‍സ്ഫര്‍ ചെയ്തശേഷമാണ് കടയില്‍ നല്‍കിയ ചില നോട്ടുകളില്‍ സംശയംതോന്നിയത്. റയീസ് കടയിലെത്തിയ ഒരു ബാങ്ക് ജീവനക്കാരനെ നോട്ടുകള്‍ കാണിച്ചു. ഇത് കള്ളനോട്ടുകളാണെന്ന സംശയം അദ്ദേഹത്തിനുമുണ്ടായി. അടുത്തദിവസം മണിട്രാന്‍സ്ഫര്‍ ഏജന്‍സിക്ക് പണം കൈമാറി. അവര്‍ പരിശോധിച്ചപ്പോള്‍ കള്ളനോട്ടുകളാണെന്ന് തെളിഞ്ഞു. തുടര്‍ന്ന്, കടയില്‍നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചപ്പോള്‍ 7000 രൂപ കടയിലേക്ക് ഗൂഗിള്‍പേ ചെയ്തുകൊടുക്കുകയായിരുന്നു.
അടുത്തദിവസം ഈ നോട്ടുകള്‍ തിരികെവാങ്ങാന്‍ രണ്ടുപേര്‍ കടയിലെത്തുകയുംചെയ്തു. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മുഹമ്മദ് റയീസ് കള്ളനോട്ടുകള്‍ കൊടുവള്ളി പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയിട്ടുണ്ട്.
കള്ളനോട്ട് റാക്കറ്റില്‍ കൂടുതല്‍പേര്‍ ഉണ്ടെന്നവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. താമരശ്ശേരി ഡിവൈ.എസ്.പി. വിനോദ് കുമാര്‍, കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ സി. ഷാജു, പ്രിന്‍സിപ്പല്‍ എസ്.ഐ. ജിയോ സദാനന്ദന്‍, അഡീഷണല്‍ എസ്.ഐ. എം. സുഭാഷ്, എ.എസ്.ഐ.മാരായ കെ. ശ്രീജിത്ത്, ഇ. ജിത, എം.കെ. ലിയ തുടങ്ങിയവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
