പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍. യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പിലാണ് മുന്‍ഭര്‍ത്താവിനെതിരേ നിരവധി പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് തന്റെ നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നും മകളെ ഒരിക്കലും ഇയാളെ ഏല്‍പ്പിക്കരുതെന്നും യുവതിയുടെ കുറിപ്പിലുണ്ട്.

കഴിഞ്ഞദിവസമാണ് 43-കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുദിവസം മുമ്പാണ് യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്. എന്നാല്‍, കഴിഞ്ഞദിവസം വീട്ടിലെത്തിയ മുന്‍ഭര്‍ത്താവ് മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചെന്നും നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതി. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ 45-കാരനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൂങ്ങിമരിക്കാന്‍ കാരണം തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. ”ഒരുകാരണവശാലും മകളെ അയാളെ ഏല്‍പ്പിക്കരുത്. കാരണം അവള്‍ക്ക് അച്ഛനെ പേടിയാണ്. എന്റെ നഗ്നചിത്രം അയാള്‍ ഫോണില്‍ പിടിച്ചു. അയാളുടെ കൂട്ടുകാരന് അത് അയച്ചുകൊടുത്തു. കൈയും കാലും കെട്ടിയിട്ടാണ് ഫോട്ടോ എടുത്തത്. ശരീരം മുഴുവന്‍ മർദിച്ചു. എന്റെ സ്ഥലവും ബാങ്കിലെ പണവും താമസിക്കുന്ന ഇരുനില വീടും അച്ഛന്‍ കല്ല്യാണത്തിന് നല്‍കിയ വസ്തുവും അയാളുടെ പേരില്‍ എഴുതണമെന്നായിരുന്നു ആവശ്യം. എന്റെ ഒരു സാധനവും അയാൾക്ക് കൊടുക്കരുത്. എന്റെ മകളെ അവനോ അവന്റെ വീട്ടുകാര്‍ക്കോ വിട്ടുകൊടുക്കരുത്. എന്റെ അപേക്ഷയാണ്. എന്റെ മോള്‍ക്ക് കല്ല്യാണം ഉറപ്പിച്ചിട്ടുണ്ട്. അവളെ കല്ല്യാണം കഴിക്കുന്ന ചെറുക്കനെ ഏല്‍പ്പിക്കുക. എന്റെ നിവൃത്തികേട് കൊണ്ടാണ് മരിക്കുന്നത്. അയാള്‍ പോക്‌സോ കേസില്‍ പ്രതിയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭര്‍ത്താവാണ്”, യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)